ബിഹാറിലെ ദാർഭംഗയിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.ഓടികൊണ്ടിരുന്ന ചരക്ക് തീവണ്ടിയുടെ മുകളിൽ കയറിനിന്ന യുവാവിന് ട്രെയിനിന് മുകളിലൂടെ പോകുന്ന ഹൈ വോൾട്ടേജ് വൈദ്യുത ലൈനിൽ തട്ടി തത്ക്ഷണം മരണം സംഭവിച്ചത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.
തീവണ്ടിയുടെ മുകളിലൂടെ നടന്നുനീങ്ങുന്ന യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. സമീപത്തുണ്ടായിരുന്നവർ താഴെയിറങ്ങാൻ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെങ്കിലും വകവെക്കാതെ ഇയാൾ നടന്നു മുന്നോട്ടുപോവുകയായിരുന്നു.
ഒടുവിൽ ട്രെയിനിന് മുകളിലെ വൈദ്യുത കമ്പിയിലേക്ക് കൈ ഉയർത്തിയതോടെ ഒരു വലിയ പൊട്ടിത്തെറിയോടെ വൈദ്യുതി പ്രവഹിക്കുകയും യുവാവ് തീവണ്ടിയുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ച യുവാവ് ആരാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണവുമുണ്ടായിട്ടില്ല.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്യുന്നുണ്ടെങ്കിലും അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.
