പരവൂർ: ഡിജിറ്റൽ പേയ്മെന്റുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടും രാജ്യത്ത് കറൻസി ഉപയോഗവും വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസിയുടെ ആകെ മൂല്യം ജനുവരി അവസാനത്തെ കണക്കുകൾ പ്രകാരം 40 ലക്ഷം കോടി രൂപ മറി കടന്നതായാണ് എസ്ബിഐ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
അതേസമയം യുപിഐ പണമിടപാടുകളുടെ മൂല്യം 28.3 ലക്ഷം കോടി രൂപയെന്ന റിക്കാർഡിൽ എത്തി നിൽക്കുകയാണ്. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യത്തിന്റെ 70 ശതമാനത്തോളം വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്ക് അച്ചടിച്ച് ഉറക്കിയ മൊത്തം കറൻസികളിൽ 97.6 ശതമാനവും പൊതുജനങ്ങളുടെ കൈവശമാണുള്ളത്. ഇതിന്റെ ആകെ മൂല്യം 39 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.5 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വർഷം (2025 ഏപ്രിൽ മുതൽ -2026 ജനുവരി) വരെയുള്ള കാലയളവിൽ ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ 2.76 ലക്ഷം കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഡിജിറ്റൽ പേയ്മെന്റുകൾക്ക് അനുദിനം സ്വീകാര്യത വർധിക്കുമ്പോഴും രാജ്യത്ത് കറൻസി ഉപയോഗം കൂടുന്നതിനു പിന്നിൽ പ്രധാനമായും പല കാരണങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ താഴ്ന്നത് കാരണം പണം കൈവശം വയ്ക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. മാത്രമല്ല ആദായ നികുതിയിൽ ഇളവ് അനുവദിച്ചതോടെ നഗരപ്രദേശങ്ങളിൽ ഉപഭോഗം വർധിച്ചതും പണമിടപാട് ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട്.
സ്വർണ വിലയിൽ കുതിപ്പ് ഉണ്ടായതോടെ പണയ വായ്പ എടുക്കുന്നവരുടെ എണ്ണം വർധിച്ചതും കാഷ് ഇടപാടുകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. നോട്ട് പിൻവലിക്കലിനെത്തുടർന്ന് ജനങ്ങളുടെ പണം കൈവശം വയ്ക്കുന്ന ശൈലിയിലും മാറ്റം സംഭവിച്ചിട്ടുണ്ട്.
2000 രൂപ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതോടെ പിന്നീടുള്ള വലിയ കറൻസിയായ 500 രൂപ കൈവശം വയ്ക്കുകയും ചെറിയ തുകയ്കുള്ള ഇടപാടുകൾക്ക് യുപിഐയെ ആശ്രയിക്കുന്നതും ജനങ്ങൾക്കിടയിൽ വർധിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം രാജ്യത്ത് നിലവിൽ പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യത്തിന്റെ 86 ശതമാനവും 500 രൂപയുടെ നോട്ടുകളാണ്.
മറുവശത്ത് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് യുപിഐ ഉപയോഗിച്ച് നടത്തുന്ന 86 ശതമാനം സാമ്പത്തിക ഇടപാടുകളും 500 രൂപയിൽ താഴെയാണെനുള്ളതും മറ്റൊരു പ്രത്യേകതയായും വിലയിരുത്തപ്പെടുന്നു. ഡിജിറ്റൽ പണമിടപാടുകൾക്ക് ഒപ്പം കറൻസി ഇടപാടുകളും വർധിക്കുന്നതിൽ ജാഗ്രത വേണമെങ്കിലും ആശങ്കൾക്ക് വകയില്ലനാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
