എരുമപ്പെട്ടി (തൃശൂർ): വീടിനകത്തുകയറി വയോധികയെ കടിച്ചുകൊല്ലുകയും മകനെ ഗുരുതരമായി കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു ഭീതിപരത്തിയ തെരുവുനായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. ഇന്നു പുലർച്ചെ ഒന്നോടെയാണ് നാട്ടുകാർ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ തെരുവുനായയെ പിടികൂടിയത്.
ഇന്നലെ വൈകിട്ട് ആറിനാണ് വെള്ളറക്കാട് കൊല്ലൻപ്പടിയിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തെരുവുനായ വീടിനകത്തു കടന്ന് കിടപ്പ് രോഗിയായ വയോധിക കാർത്ത്യായനിയെ (84) കടിച്ച് കൊല്ലുകയും ഇവരുടെ മകൻ മാനസികാസ്വാസ്ഥ്യമുള്ള ദേവദാസിനെ (60) കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തത്.
ഇവരുടെ വീടനടുത്ത വീട്ടിൽ താമസിക്കുന്ന കാർത്ത്യായനിയുടെ മറ്റൊരു മകൻ മണി ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമറിഞ്ഞത്. സ്ഥലത്തെത്തിയ എനിമൽ റെസ്ക്യൂ ടീം അംഗം ബൈജു കടങ്ങോടിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി പോലീസും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് മണികൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നായയെ പിടികൂടിയത്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് കാർത്ത്യായനിയേയും മകനേയും വീടിനകത്ത് കയറി നായ ആക്രമിച്ചത്. മുഖവും കഴുത്തും ഉൾപ്പടെ ശരീരമാസകലം കടിയേറ്റ കാർത്ത്യായനി തൽക്ഷണം മരിച്ചു. ദേവദാസിന് കാലിനാണ് കടിയേറ്റത്. കാൽപാദം കടിച്ച് കീറുകയും കാൽവിരലുകൾ കടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ ഒരു തൊഴിലാളിയേയും നിരവധി വളർത്ത് നായക്കളേയും തെരുവ് നായക്കളേയും കടിച്ചിരുന്നു. നായയ്ക്കു പേ വിഷബാധയുണ്ടോ എന്ന് ഇന്ന് വെറ്ററിനറി അധികൃതർ പരിശോധിക്കും. ഇന്നലെ രാത്രി ഒരു തവണ നായയെ വലയെറിഞ്ഞ് പിടിച്ചെങ്കിലും രക്ഷപ്പെട്ടു. തുടർന്ന് പുലർച്ചെ ഒരു മണിയോടെ വെള്ളറക്കാട് പള്ളിക്ക് സമീപം പോലീസ് നായയെ കണ്ടെത്തുകയും ബൈജുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ജനപ്രതിനിധികളും ചേർന്ന് പിടികൂടുകയായിരുന്നു.
നായയെ വലയെറിഞ്ഞ് പിടികൂടുന്നതിനിടയിൽ വീണ് സിവിൽ പോലീസ് ഓഫീസർ വിഷ്ണുവിന്റെ കൈയിക്കു പരിക്കേറ്റു. തല്ലിക്കൊന്ന നായയുടെ ജഡം കടങ്ങോട് പഞ്ചായത്തിന്റെ ആംബുലൻസിൽ മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോയി.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം. നൗഷാദ്, എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ അനീഷ്കുമാർ,പഞ്ചായത്ത് മെമ്പർമാരായ പ്രകാശൻ പേങ്ങാട്ടുപ്പാറ, വിഷയകുമാർ, സുഗിജ സുമേഷ്, ബ്ലോക്ക് മെമ്പർ കെ.ആർ. സിമി, മുൻ മെമ്പർ അഭിലാഷ് കടങ്ങോട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നായയെ തെരഞ്ഞു പിടികൂടിയത്.
