അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു ദിവസം ശരാശരി പറയുന്നത് 22 കള്ളങ്ങള്‍! രണ്ട് മണിക്കൂറില്‍ നൂറ് കള്ളങ്ങളെന്നത് ഈ വര്‍ഷത്തെ റെക്കോര്‍ഡ്; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

നുണ പറയുന്ന കാര്യത്തില്‍, അതും കേള്‍വിക്കാര്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന തരത്തിലുള്ള നുണകള്‍ പറയുന്ന കാര്യത്തില്‍ രാഷ്ട്രീയ നേതാക്കളെ വെല്ലാന്‍ ആരുമില്ല. ഇത്തരത്തില്‍ ലോക നേതാക്കളില്‍ തന്നെ നുണയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഒരു ദിവസം ശരാശരി 22 കള്ളമോ വസ്തുതാപരമല്ലാത്ത 22 പ്രസ്താവനകളോ അദ്ദേഹം നടത്താറുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ വിശകലനത്തില്‍ വ്യക്തമാക്കുന്നത്. പ്രസിഡന്റ് ആയി ചുമതലയേറ്റതിനു ശേഷം ഇത്തരത്തില്‍ 9,014 പ്രസ്താവനകളാണ് ട്രംപ് നടത്തിയത്. 2018 ല്‍ ശരാശരി ഒരു ദിവസം 16.5 കള്ളങ്ങളാണ് ട്രംപ് പറഞ്ഞതെങ്കില്‍ 2019ല്‍ അത് 22 ആവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ ശരാശരി ഇത്രയും വര്‍ധിക്കാന്‍ ട്രംപിനെ സഹായിച്ചത് ശനിയാഴ്ച നടന്ന പൊളിറ്റിക്കല്‍ കണ്‍സര്‍വേറ്റീവ് ആക്ഷന്‍ കൗണ്‍വെന്‍ഷനില്‍ നടത്തിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 100 വസ്തുതാവിരുദ്ധ പരാമര്‍ശങ്ങളാണ് ട്രംപ് ഈ രണ്ടു മണിക്കൂറിനുള്ളില്‍ പറഞ്ഞത്.

കുടിയേറ്റം, തൊഴില്‍ സാധ്യതകള്‍, തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവ് കൊണ്ട് വന്നത് താനാണെന്ന തെറ്റായ പ്രസ്താവന ട്രംപ് നടത്തിയത് 131 തവണയാണ്. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മിച്ചു കഴിഞ്ഞു എന്ന് 126 തവണയും, അമേരിക്കയുടെ സാമ്പത്തിക നിലവാരം എക്കാലത്തേതിലും മികച്ചതാണെന്ന് 116 തവണയുമാണ് ട്രംപ് പറഞ്ഞത്.

Related posts