ട്രംപ് വിലപേശി വാങ്ങിയ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കാല്‍കാശിന്റെ ഗുണമില്ലാതെ പെട്ടിയില്‍ ! ഇതുപയോഗിച്ചതു കൊണ്ട് യാതൊരു പ്രയോജനമില്ലെന്ന് അടിവരയിട്ട് എല്ലാ പഠനങ്ങളും;ലോട്ടറിയടിച്ചത് ക്ലോറോക്വിന്‍ വിറ്റൊഴിച്ച ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്ക്…

കൊറോണയെ എത്രയും വേഗം രാജ്യത്തു നിന്നു തുരത്താനുള്ള വ്യഗ്രതയില്‍ ആവേശം പൂണ്ട നേതാവായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

കോവിഡ് എന്ന മഹാമാരിയെ ആദ്യ നാളുകളില്‍ നിസാരമായി കണ്ട ട്രംപ് പിന്നീട് പണിപാളിയെന്ന് മനസ്സിലായപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

കൊറോണയെ തുരത്താനായി ട്രംപ് കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു ഹൈഡ്രോക്‌സി ക്ലോറോക്വിന്‍.

ട്രംപ് ഈ മരുന്ന് നിര്‍ദ്ദേശിച്ച അന്നുമുതല്‍ തന്നെ, ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ഇതിനെ എതിര്‍ത്തിരുന്നതാണ്. എഫ്ഡിഎ പോലും, കോവിഡിനായി ഈ മരുന്നിനെ അംഗീകരിച്ചിട്ടില്ല.

എന്നിട്ടും, അതൊന്നും കൂസാതെ ഇന്ത്യയില്‍ നിന്നും ഈ മരുന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.

കോവിഡ് ബാധയുടെ ആരംഭത്തില്‍, ഇന്ത്യ കയറ്റുമതി നിരോധിച്ച മരുന്നുകളുടെ കൂട്ടത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനും ഉണ്ടായിരുന്നു.

ഈ നിരോധനം നീക്കി മരുന്ന് കയറ്റുമതിചെയ്യുവാന്‍ ഇന്ത്യയോട് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യ അമേരിക്ക അടക്കം 30 രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കുകയും ചെയ്തു.

ഏതായാലും മരുന്നുകള്‍ എല്ലാംതന്നെ പെട്ടിയില്‍ സുരക്ഷിതമായി ഇരിപ്പുണ്ടെന്നാണ് വിവരം.

ഇത് ഒറ്റക്കോ, അല്ലെങ്കില്‍ ആന്റി ബയോട്ടിക്‌ അസിത്രോമൈസിനുമായി ചേര്‍ത്തോ കഴിച്ചിട്ടും രോഗികള്‍ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കുന്നില്ല എന്നാണ് ന്യുയോര്‍ക്ക് ആസ്ഥാനമായ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

ഈ മരുന്നിന് ആന്റി വൈറല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി കഴിവുകള്‍ ഉണ്ടാകാം എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കോവിഡ് രോഗികള്‍ക്ക് ഉപകാരപ്രദമായേക്കും എന്ന അനുമാനത്തില്‍ എത്തിയത്.

ഈ അനുമാനം പുറത്ത് വന്ന ഉടനെയാണ് ആവേശഭരിതനായ ട്രംപ് ഈ മരുന്നിനെ പിന്താങ്ങി എത്തിയതും എഫ്ഡിഎ ഇതിന് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന മരുന്നെന്ന അംഗീകാരം നല്‍കിയതും.

എന്നാല്‍ ഈ മരുന്നിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. ഹൃദയത്തെ ഈ മരുന്ന് ഗുരുതരമായി ബാധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അസിത്രോമൈസിന്റെ കൂടെ കഴിക്കുകയാണെങ്കില്‍ ഈ വിപരീതഫലം കൂടുതലായി ഉണ്ടാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ രണ്ടു മരുന്നുകളില്‍ ഏതെങ്കിലും ഒന്നോ അതോ രണ്ടും കൂടിയോ കഴിച്ചവര്‍ക്ക് ഒന്നും മരുന്നൊന്നും കഴിക്കാതിരിക്കുന്നവരേക്കാള്‍ ഹൃദയാഘാത സാധ്യത ഏറെയാണെന്നും കണ്ടെത്തിയിരുന്നു.

ന്യുയോര്‍ക്കിലെ 25 ആശുപത്രികളില്‍ നിന്നായി 1438 രോഗികളേയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇവരെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുക എന്നതായിരുന്നു പഠന രീതി. ഇവരില്‍ ചിലര്‍ ഹൈഡ്രോക്‌സി ക്ലോറിനും അസിത്രോമൈസിനും കൂടി കഴിച്ചവര്‍ ആയിരുന്നു.

മാത്രമല്ല പ്രമേഹം, ശരീരത്തില്‍ ഓക്‌സിജന്റെ താഴ്ന്ന അളവ്, ശ്വാസതടസ്സം എന്നീ പാര്‍ശ്വഫലങ്ങളും മരുന്ന് കഴിച്ചവരില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍, എബോളക്കായി വികസിപ്പിച്ച റെംഡെസിവിര്‍ കോവിഡ് 19 ചികിത്സയില്‍ ചില പുരോഗതികള്‍ കൊണ്ടുവരുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഈ മരുന്നിന്റെ നിര്‍മാണത്തിനായി അമേരിക്കയിലെ ഗിയെലാദ് സയന്‍സസ് ഇന്ത്യന്‍ മരുന്നു കമ്പനികളെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts

Leave a Comment