ചണ്ഡീഗഡ്: ഓടയിലെ ഇരുന്പ് വലയിൽ കുടുങ്ങിയ നിലയിൽ ഒന്നര വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
ഓടയുടെ സമീപത്ത് കൂടി പോവുകയായിരുന്ന രണ്ട് സ്കൂൾ വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന് അവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞ് ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ കണ്ടെത്തുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് എത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. കുഞ്ഞിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
