കൊച്ചി: ചോറ്റാനിക്കരയിൽ ക്ഷേത്ര സത്രത്തിലെ മുറിയിൽ വച്ച് ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിത സഹോദരിയുടെ മരണത്തെക്കുറിച്ച് പറയുന്നത് വിചിത്രമായ കാര്യങ്ങൾ. സഹോദരി കണ്ണൂർ കാഞ്ഞിരോട് കൂടാളി തളമുണ്ട കുറുവ വീട്ടിൽ സബിതയെ (45) കൊന്നത് താനാണെന്നും കൊല്ലാൻ തോന്നിയത് കൊണ്ട് കൊന്നതാണെന്നും പറഞ്ഞ സജിത പ്രധാനമായി പറയുന്നത് അമ്മ വിളിച്ചു കൊണ്ടു പോയതാണെന്നാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സഹോദരിയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും സജിത കൊലപ്പെടുത്തിയത്. തല ഭിത്തിയിലിടിപ്പിച്ചതായും മുഖത്ത് വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ചതായും പറയുന്നു. ഒരു മുറിയിൽ ഇത്രയെല്ലാം കാര്യങ്ങൾ നടന്നിട്ടും മുറിയിലുണ്ടായിരുന്ന സഹോദരൻ സുധീർ, താനിതൊന്നും അറിഞ്ഞില്ല, ഉറക്കത്തിലായിരുന്നുവെന്ന് പറയുന്നതാണ് അതിലേറെ വിചിത്രമായത്. മുറിയിലെ അടയാളങ്ങളും മറ്റും നീക്കി സുധീറാണ് ബുധനാഴ്ച രാവിലെ സഹോദരി കട്ടിലിൽ നിന്നു വീണു കിടക്കുന്നുവെന്ന് പുറത്തറിയിച്ചത്.
കഴിഞ്ഞ ഒന്നര വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു സഹോദരിമാരെന്നാണ് പറയുന്നത്. ഒക്ടോബർ 29നാണ് ഇരുവരും ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയത്. മൂന്നുദിവസത്തെ ഭജനയ്ക്കുശേഷം നവംബർ രണ്ടിന് നാട്ടിലേക്ക് മടങ്ങി, എങ്കിലും റെയിൽവേ സ്റ്റേഷനിൽവച്ച് സബിത അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീണ്ടും ക്ഷേത്രത്തിലെത്തുകയായിരുന്നു.
മേൽശാന്തിയുടെ നിർദ്ദേശാനുസരണം ചോറ്റാനിക്കര സത്രത്തിൽ വീണ്ടും മുറിയെടുത്ത് ഭജന തുടരുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിൽ അറസ്റ്റിലായ സജിത യെ റിമാൻഡ് ചെയ്തു. സുധീർ പൊലിസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലാണ്.
