സ്റ്റാർട്ടപ്പുകളുടെ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. വാഷിംഗ് മെഷിൻ വന്നതോടെ തുണി അലക്കുന്നതിന്റെ ബുദ്ധിമുട്ട് കുറച്ചത് തെല്ലൊന്നുമല്ല. ദേ ഇപ്പോൾ തുണി മടക്കിവയ്ക്കാനും ഒരു യന്ത്രവുമായി എത്തിയിരിക്കുകയാണ് ഒരു വിദ്യാർഥി. സോഷ്യൽ മീഡിയയിൽ ഇതിപ്പോൾ വൈറലാണ്. വീഡിയോയിൽ സ്കൂൾ യൂണിഫോമിലുള്ള ഒരു വിദ്യാർഥി വസ്ത്രങ്ങൾ വേഗത്തിൽ മടക്കാൻ കഴിയുന്ന ഒരു ഉപകരണം എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്നു.
ഫ്ലാറ്റ് ബോർഡുകൾ, ഹിഞ്ചുകൾ, ലിവർ അധിഷ്ഠിത സംവിധാനം തുടങ്ങിയ ലളിതമായ വസ്തുക്കൾ കൊണ്ടാണ് മെഷീൻ നിർമിച്ചിരിക്കുന്നത്. തുണികൾ മടക്കുന്നതിനായി ഒരു പ്രത്യേക രീതിയിൽ ചലിക്കുന്ന ഇടത്, വലത്, താഴെയുമായി മൂന്ന് പാനലുകൾ ഈ ഉപകരണത്തിനുണ്ട്.
ഒരു ഷർട്ടും ഒരു മുണ്ടും വിദ്യാർഥി മടക്കിക്കാണിക്കുന്നു. സ്ലീവുകളും വശങ്ങളും മടക്കുന്നതിനായി സൈഡ് പാനലുകൾ അകത്തേക്ക് തിരിച്ചതിന് ശേഷം താഴെയുള്ള പാനൽ ഒരു ഒതുക്കമുള്ള, ചതുരാകൃതി തുണി മടക്കി വയ്ക്കുന്നു.
നിസാര സെക്കന്റുകൾക്കുള്ളിൽ കുട്ടി തുണി മടക്കിവച്ചു. ഇത് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ക്ലാസ് മുറികളിൽ നിന്ന് എങ്ങനെ ഉപയോഗപ്രദമായ പരിഹാരങ്ങൾ ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്ന് ഒരാൾ കുറിച്ചു. ഇത്തരം കഴിവുകൾ സ്കൂൾതലം മുതൽ പ്രോത്സാഹിപ്പിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
