എന്തു പ്രഹസനമാണ് റിയാസേ…! അവധി ദിവസം ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയ്ക്കു മുമ്പില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം; തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ…

ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്നു പിടിക്കുന്ന തീ അണയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനത്തെ ട്രോളിക്കൊന്ന് മലയാളികള്‍. ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്കു മുന്നിലായിരുന്നു പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരായ എ.എ.റഹീമും റിയാസും പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രം റിയാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ബ്രസീല്‍ എംബസി അവധിയായ ഞായറാഴ്ച ആയിരുന്നു എംബസിയ്ക്കു മുമ്പില്‍ ഡിവൈഎഫ്ഐയുടെ സമരം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ചിത്രം പുറത്തുവന്നയുടന്‍ ട്രോളിന്റെയും കളിയാക്കലുകളുടേയും പെരുമഴയാണ് റിയാസിന്റെ എഫ്ബി പേജില്‍. ഇതിലും നല്ലത് തേഞ്ഞിപ്പാലം പോസ്റ്റ് ഓഫിസിനു മുന്നില്‍ പോരായിരുന്നോ പ്രതിഷേധം എന്നാണ് പലരുടേയും ചോദ്യം. ഇവരൊനൊക്കെ എന്തൊരു ദുരന്തം ആണ് കേരളത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്തവന്‍ ആഗോള പരിസ്ഥിതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.ശാന്തിവനം നശിപ്പിക്കാന്‍ ആര്‍പ്പു വിളിച്ചവര്‍ ആമസോണിന്റെ കാര്യം പറഞ്ഞ് കരയുന്നത് എന്ത് പ്രഹസനമാണെന്നാണ് പലരും ചോദിക്കുന്നത്.

മിക്കവാറും ആമസോണ്‍ കാടുകള്‍ ചുറ്റി ഒരു വനിതാ മതില്‍ തീര്‍ക്കാന്‍ സാധ്യത ഉണ്ട്, ഇന്ത്യയുടെ നീറുന്ന പ്രശ്നമായ ആമസോണ്‍ വിഷയത്തില്‍ അവധി ദിവസം ബ്രസീല്‍ എംബസിയ്ക്ക് മുന്നില്‍ പോയി സമരം ചെയ്ത റിയാസ് മാസ് ആണ് എന്നിങ്ങനെ നിരവധി ട്രോളുകളാണ് പേജില്‍ വന്നു നിറയുന്നത്. ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ പരിഹസിച്ച് തൃത്താല എംഎല്‍എ വി ടി ബല്‍റാം. ആമസോണ്‍ വിഷയത്തില്‍ ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഡി വൈ എഫ് ഐ കേരളത്തിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രതിഷേധിക്കുന്നില്ലെന്ന വിമര്‍ശനമാണ് പരിഹാസരൂപേണ ബല്‍റാം മുന്നോട്ട് വച്ചത്.

ആ കുറിപ്പ് ഇങ്ങനെയായിരുന്നു. സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോണ്‍ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്. അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ല. എന്തായാലും തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധത്തിന്റെ ചൂടാറും മുമ്പേ ഡിവൈഎഫ്‌ഐയെ തേച്ചൊട്ടിക്കാന്‍ അടുത്ത കാരണം കിട്ടിയതിന്റെ സന്തോഷത്തിലാണ് ട്രോളന്മാര്‍

Related posts