പരിചയപ്പെട്ടപ്പോള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; ഫോണിലൂടെയും നേരിട്ടും അശ്ലീല സംഭാഷണം പതിവായതോടെ നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല; ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരേ വനിതാനേതാവ് ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍…

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ലൈംഗിക ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. പി.കെ ശശിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പീഡന പരാതി ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇ-മെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നുവെന്നാണ് സൂചന.

ഇതേസമയം എംഎല്‍എയ്‌ക്കെതിരേ പരാതി ഒതുക്കാന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ശ്രമം നടക്കുന്നതായും പരാതിയിലുണ്ട്. തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയില്‍ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. പാലക്കാട് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് യെച്ചൂരിയെ സമീപിച്ചത്. ജില്ലാ കമ്മറ്റിയിലുള്ളവര്‍ക്ക് പരാതി നല്‍കിയപ്പോള്‍ എംഎല്‍എയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉപദേശിച്ചുവെന്നും യുവതി ആരോപിക്കുന്നുണ്ട്. വളരെ ലാഘവത്തോടെയാണ് എംഎല്‍എയ്ക്കെതിരായ പരാതി കൈകാര്യം ചെയ്തത്.

പാര്‍ട്ടിയിലെ സ്ത്രീ സുരക്ഷയുടെ ശബ്ദമായ വൃന്ദാ കാരാട്ട് പോലും ഈ പരാതി മുക്കിയതും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെന്നതും പ്രശ്‌നത്തെ ഗുരുതരമാക്കുന്നു. പരാതി യെച്ചൂരിയുടെ കൈകളില്‍ എത്തിയതു കൊണ്ടു മാത്രമാണ് പ്രശ്‌നം ചര്‍ച്ചയായത്. ഇതേത്തുടര്‍ന്നാണ് പരാതി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത്. പാലക്കാട്ടെ സിപിഎമ്മിനും ഇത് ഏറെ തിരിച്ചടിയാണ്.

കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിയ്ക്കുള്ളില്‍ പുകയുന്ന ഈ ആരോപണം പിബിയെ അറിയിച്ചിട്ടും നടപടിയുണ്ടാകാഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറിയെ അറിയിച്ചത്. ആദ്യം അന്വേഷിക്കട്ടെയെന്നും അതിനു ശേഷം അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്നുമായിരുന്നു ആദ്യം കേന്ദ്രനേതൃത്വം സ്വീകരിച്ചത്. വിഷയം രാഷ്ട്രീയമായിത്തന്നെ വലിയ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കോണ്‍ഗ്രസ്,ബിജെപി നേതാക്കളും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Related posts