ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയില്‍ കോംഗോ നിവാസികള്‍ ! കോവിഡിനു പിന്നാലെ ആഫ്രിക്കയുടെ ഉറക്കം കെടുത്താന്‍ കൊടുംഭീകരന്‍ ‘എബോള’യും; കോംഗോയില്‍ രോഗം സ്ഥിരീകരിച്ച ഏഴു പേരില്‍ നാലുപേരും മരിച്ചു…

ലോകമെങ്ങും കോവിഡ് ഭീതിവിതയ്ക്കുമ്പോള്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയാണ് ഇപ്പോള്‍ മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടേത്.

കോംഗോയിലെ ഇക്വാചുര്‍ പ്രവിശ്യയിലെ വംഗതയില്‍ കൊടുംഭീകരന്‍ എബോള പടരുകയാണ്. ഇതിനോടകം എബോള ബാധിച്ച ഏഴു പേരില്‍ നാലുപേരും മരണമടഞ്ഞു.

ലോകരാജ്യങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വരാനിരിക്കുന്ന ഇത്തരം വിപത്തുകളെക്കുറിച്ച് ബോധം വേണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥനോം ഗെബ്രെയേസസ് പറഞ്ഞു.

കോവിഡിനു പുറമെയുള്ള ആരോഗ്യവിഷയങ്ങള്‍ നിരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന തുടരുമെന്നും അദ്ദേഹം പറഞ്ഞു. 1976ലാണ് ആദ്യമായി എബോള പൊട്ടിപ്പുറപ്പെട്ടത്.

ദശാബ്ദങ്ങള്‍ കൊണ്ട് നിരവധി ആളുകളുടെ ജീവനപഹരിച്ച ഈ രോഗത്തെ ലോകം കണ്ടതില്‍ വച്ചേറ്റവും മാരകമായ രോഗങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

ഇത് 11-ാം തവണയാണ് കോംഗോയില്‍ എബോള ബാധിക്കുന്നത്. 2018 ഓഗസ്റ്റില്‍ ഉണ്ടായ വൈറസ് ബാധയില്‍ ഇതുവരെ 2,243 പേര്‍ മരിച്ചു. ഇതുവരെ അത് അവസാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കോംഗോയിലെ 25 പ്രവിശ്യകളില്‍ ഏഴിടത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. 3000 ഓളം പേര്‍ രോഗികളായി. 72 പേര്‍ മരിച്ചു.

എന്നാല്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കോംഗോയില്‍ കൊവിഡ് പരിശോധന കുറവാണെന്നും അതിനാല്‍ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.

ഇതിനു പുറമെ എബോളയും കൂടി വന്നത് രാജ്യത്ത് കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Related posts

Leave a Comment