നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ ഇളവനിക്കര വാര്‍ഡിലെ ഈരാറ്റിന്‍പുറത്തെ വിനോദസഞ്ചാര പദ്ധതി എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. കോടികള്‍ മുടക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുന്ന ഈരാറ്റിന്‍പുറം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പൊട്ടിപ്പൊളിഞ്ഞ റോഡും രണ്ടു ചെറിയ കെട്ടിടങ്ങളും മാത്രമാണ്.
നെയ്യാര്‍ രണ്ടായി പിരിയുകയും പാറക്കെട്ടുകളെ തഴുകി വീണ്ടും ഒന്നായി ഒഴുകുകയും ചെയ്യുന്ന മനോഹരമായ കാഴ്ചയാണ് ഈരാറ്റിന്‍പുറത്തെ സവിശേഷത. വിനോദസഞ്ചാരത്തിനു വലിയ സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പത്തു വര്ഷംമുന്പ് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി ശൗചാലയവും ടിക്കറ്റ് കൗണ്ടറും നിര്‍മിച്ചിരുന്നു. ഇവ രണ്ടും പ്രവര്‍ത്തനരഹിതമാണ്. റോക്ക് പാര്‍ക്കും ഹാംഗിഗ് ബ്രിഡ്ജുമൊക്കെ പദ്ധതിയുടെ ഭാഗമായ വാഗ്ദാനങ്ങളായിത്തന്നെ അവശേഷിക്കുന്നു.
താത്കാലിക സെക്യൂരിറ്റി ജീവനക്കാരനുണ്ടെങ്കിലും ഈരാറ്റിന്‍പുറത്ത് നീന്തലില്‍ വൈദഗ്ധ്യമുള്ള ലൈഫ് ഗാര്‍ഡുകളുടെയും സേവനം അനിവാര്യമാണെന്ന് കൗണ്‍സിലര്‍ ഇളവനിക്കര സാം ചൂണ്ടിക്കാട്ടി. ഈരാറ്റിന്‍പുറത്ത് കുളിക്കുന്നതിനിടയില്‍ പാറക്കെട്ടുകളില്‍ അകപ്പെട്ടും മറ്റും വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
അപകടക്കയങ്ങള്‍ സംബന്ധിച്ച സൂചനാ ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. തെരുവു വിളക്കുകള്‍ നോ ക്കുകുത്തികളാണ്. അടിസ്ഥാന സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും പദ്ധതിയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ തെക്കന്‍ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ഈരാറ്റിന്‍പുറം മാറുമെന്നു നാട്ടുകാര്‍ പറയുന്നു.
