ജീവന്‍ രക്ഷിക്കേണ്ട മരുന്നുകളും വ്യാജനോ ? വ്യാജ ആന്റിബയോട്ടിക്കുകള്‍ കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി; വ്യാജനെ കണ്ടാല്‍ ഒറിജിനല്‍ മാറിനില്‍ക്കും…

വ്യാജ ആന്റി ബയോട്ടിക്കുകള്‍ കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു. മുന്തിയ കമ്പനികളുടെ മരുന്നുകളുടെ വ്യാജന്‍ കാഴ്ചയില്‍ ഒറിജിനലിനെ വെല്ലുന്നതാണ്. ഇത്തരം മരുന്നുകള്‍ വിപണിയിലേക്ക് ഇറക്കുന്ന ഗൂഡ സംഘങ്ങള്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം ആരോപിച്ചു.

കുടില്‍ വ്യവസായം പോലെ നിര്‍മിക്കപ്പെടുന്ന ഇത്തരം മരുന്നുകള്‍ തിരിച്ചറിയാന്‍ പ്രയാസമായതിനാല്‍ ഡിസ്ട്രിബൂഷന്‍ സെന്ററുകളിലേക്കു എത്തുകയും അവിടെ നിന്നു മരുന്ന് കടകളിലേക്ക് എത്തുകയും ചെയ്യുന്നു എന്നുള്ളതാണ് അറിവ്. ഈ മരുന്നുകള്‍ പലപ്പോഴും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനാലും ആന്റി ബിയോട്ടിക് പോലെ ജീവന്‍ രക്ഷിക്കുന്ന മരുന്നുകള്‍ ആയതിനാല്‍ തന്നെയും മരുന്നുകള്‍ നല്ല നിലവാരമുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മരുന്നുകളിലും വ്യാജനെ ഉണ്ടാക്കുന്ന ആ ക്രൂരമായ പ്രവര്‍ത്തിയെ ഉരുക്കു മുഷ്ടി കൊണ്ടു തന്നെ നേരിടണം. അത് വളരെ സങ്കീര്‍ണമായ പ്രശ്നമാണ്. കാരണം നേരിടാന്‍ നമുക്ക് ഫലവത്തായ മരുന്ന് പരിശോധന കേന്ദ്രങ്ങളോ സംവിധാനങ്ങളോ ഇല്ല.

സര്‍ക്കാര്‍ തലത്തില്‍ അതു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം വളരെ വളരെ കുറവാണെന്നും ഡോ. സുള്‍ഫി നൂഹു ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതിയില്‍ ഇത്തരം വ്യാജമരുന്നുകളുടെ ക്വാളിറ്റി മനസിലാക്കുവാനുള്ള ശക്തമായ പരിശോധന സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് മാത്രമല്ല മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്ന കേന്ദ്രങ്ങളിലും റീട്ടെയ്ല്‍ ഷോപ്പുകളിലും പരിശാധനകള്‍ നിരന്തരം ഉണ്ടാകണം. അതിന് പുറമേ, മരുന്ന് ഡോക്ടര്‍ നല്‍കുന്ന കുറുപ്പടി പ്രകാരമാണെന്ന് രോഗികള്‍ വീണ്ടും ഉറപ്പാക്കണം. കൃത്യമായ ബില്ലും മരുന്ന് കടകളില്‍ നിന്നു വാങ്ങി വയ്ക്കണം. സംശയമുണ്ടെങ്കില്‍ അതു ഡോക്ടറോട് പറയുകയും മരുന്നുകള്‍ മാറ്റുകയും ചെയ്യണം.

മറ്റു വ്യാജന്മാരേക്കാള്‍ ഗുരുതരമാകും വ്യാജ മരുന്നുകളുടെ ഉപയോഗം. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി 10 ലക്ഷം രൂപയോളം വിലയുള്ള മരുന്നുകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് ഡോ.സുള്‍ഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ടെടുത്ത മരുന്നുകളുടെ വിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വന്‍കിട കമ്പനികളും ഏജന്‍സികളും വ്യാജ മരുന്നുകളെ കുറിച്ച് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു പരിശോധന. പ്രധാനപ്പെട്ട മരുന്ന് കമ്പികള്‍ക്ക് കേരളത്തില്‍ വിതരണ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഇവര്‍ വില്‍ക്കുന്ന മരുന്നുകള്‍ കോയമ്പത്തൂര്‍, രാജസ്ഥാന്‍, നാഗര്‍കോവില്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്. കേരളത്തിലെ വിതരണകേന്ദ്രങ്ങളില്‍ മരുന്നുകള്‍ ധാരാളമുണ്ട് താനും.വ്യാജ മരുന്നുകളെ ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്താകും അത് വരുത്തി വയ്ക്കുകയെന്ന് തീര്‍ച്ച.

Related posts