‘ഏറ്റവും തടിയുള്ള പട്ടി’ ആരാണ്? ഡൽഹിയിലെ പട്ടിപ്രേമികൾക്കിടയിൽ കൗതുകമുണർത്തുന്ന ഒരു കിടിലൻ മത്സരമാണിപ്പോൾ വൈറലാകുന്നത്. ഡൽഹിയിലെ ഏറ്റവും തടിയുള്ള പട്ടിയെ കണ്ടെത്താനായി 64 നായ്ക്കൾ മാറ്റുരയ്ക്കുന്ന ‘ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി’ മത്സരം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
അമേരിക്കയിലെ പ്രശസ്തമായ ‘ഫാറ്റ് ബെയർ വീക്ക്’മാതൃകയിലാണ് ഇൻസ്റ്റാഗ്രാം പേജായ ‘ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി’ ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വണ്ണമുള്ള ഓമനമൃഗങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
സോഷ്യൽ മീഡിയയിലെ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്.സെപ്റ്റംബർ 24-ന് ആരംഭിച്ച മത്സരം സെപ്റ്റംബർ 29 വരെ നീണ്ടുനിൽക്കും. ഇൻസ്റ്റാഗ്രാം പോളുകളിലൂടെ ഓരോ റൗണ്ടിലും പടിപടിയായി മത്സരാർഥികളെ ഒഴിവാക്കിയാണ് വിജയിയിലേക്ക് എത്തുന്നത്.
ഡൽഹിയിലെ നായ്ക്കളുടെ ഉടമകൾ തങ്ങളുടെ ഓമനമൃഗങ്ങളുടെ ഫോട്ടോകളും പേരും സ്ഥലവും നൽകിയാണ് മത്സരത്തിൽ പങ്കാളികളായത്. എന്നാൽ സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു മിനി ഇലക്ഷൻ പോലെയായി മാറിയിരിക്കുകയാണ്! ഓൺലൈനായും അല്ലാതെയുമുള്ള കാമ്പെയ്നുകളിലൂടെ തങ്ങളുടെ പ്രിയപ്പെട്ട പട്ടികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയാണ് ആരാധകർ.”
പലരും തങ്ങളുടെ പ്രിയപ്പെട്ട പട്ടികൾക്കായി സ്വന്തമായി പോസ്റ്ററുകൾ ഡിസൈൻ ചെയ്ത് ക്യാമ്പെയ്ൻ നടത്തുന്നുണ്ട്!”കുട്ട സിംഗിന് എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. നമ്മൾ ലക്ഷ്യത്തോട് അടുത്തെത്തിയിരിക്കുന്നു, നമുക്കിത് വിജയിക്കണം,” എന്ന് ഒരു ആരാധകൻ എക്സിൽ കുറിച്ചു.
പണമിറക്കിയുള്ള പിആർ പ്രചാരണങ്ങളും കൃത്രിമ വോട്ടെടുപ്പുകളും നടക്കുന്നുണ്ടെന്ന് വരെ ചിലർ തമാശയായി ആരോപിക്കുന്നുണ്ട്. ആരെ തെരഞ്ഞെടുക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സംഘാടകർ. മത്സരത്തിൽ ഒടുവിൽ ഒരാൾക്ക് മാത്രമേ കിരീടം ചൂടാൻ കഴിയൂ എങ്കിലും ഈ ഓമനത്തമുള്ള പട്ടികളിൽ ആരെ തെരഞ്ഞെടുക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
