തിരുവനന്തപുരം: എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും ഉള്‍പ്പെടെ എല്ലാവരുടെയും വോട്ട് സ്വീകരിക്കും. വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണ്.
മണ്ഡലത്തില്‍ ആയിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ കക്ഷികളല്ലെയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
എസ്ഡിപിഐയെ ശിവന്‍കുട്ടി കെട്ടിപ്പിടിക്കുന്നത് പരാജയഭീതി കൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖര്‍
എസ്ഡിപിഐയെ വി.ശിവന്‍കുട്ടി കെട്ടിപ്പിടിക്കുന്നത് പരാജയഭീതി കൊണ്ടാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ . എഫ്സിആര്‍എ നിയമഭേദഗതിയിൽ സഭകള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയ്ക്ക് വേണ്ടിയാണ് ഭേദഗതി. തെറ്റ് ചെയ്താല്‍ മാത്രമാണ് നടപടി ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായില്‍ ജോസ് കെ മാണി തോല്‍ക്കുമെന്നുള്ളത് കൊണ്ടാണ് പള്ളികള്‍ ഏറ്റെടുക്കുമെന്ന് തെറ്റായ പ്രചാരണം നടത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും വികസനത്തെക്കുറിച്ച് പറയുന്നില്ല. കേരളത്തിലെ ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയും ബിജെപിക്ക് അനുകുലമായും ചിന്തിക്കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് സിപിഎം- ബിജെപി ഡീലുണ്ടെന്നു ശബരിനാഥന്
ബിജെപിയും സിപിഎമ്മും സഖ്യകക്ഷികളെപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നേമത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്നും ശബരിനാഥന് പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടവരും ഒപ്പിടുവിച്ചവരുമാണ് ഇരുവരും. ബിജെപിക്കെതിരെ യുഡിഎഫ് നല്കിയ പരാതിയെക്കുറിച്ച് എല്‍ഡിഎഫ് ഒന്നും മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് നടത്തുമെന്നും ശബരിനാഥന് വ്യക്തമാക്കി.
