ചെങ്ങന്നൂർ: ഗവ. വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി ഉന്നതതല അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ്, പോലീസ്, നഗരസഭ ആരോഗ്യവിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാഴാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണത്തിന്റെ സാംപിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച് അടിയന്തര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.
പരിശോധനാ ഫലം വരുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോളജിലേക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയ പുറംകരാറുകാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഐടിഐയിലും പരിസരത്തും അടിയന്തര പരിശോധന നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തി. ഗുണനിലവാരത്തിൽ വീഴ്ച കണ്ടെത്തിയാൽ കരാർ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് വകുപ്പ് കടക്കും.
അഞ്ചു വിദ്യാർഥിനികൾ ചികിത്സയിൽ
150 വിദ്യാർഥിനികൾ പഠിക്കുന്ന സർവേയർ വിഭാഗത്തിൽ പുറത്തുനിന്നുള്ള ഏജൻസിയാണ് ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി ഉണ്ടായിരുന്നതായി വിദ്യാർഥിനികൾ മൊഴി നൽകിയിട്ടുണ്ട്.ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർഥിനികളായ സ്നേഹ (ഹരിപ്പാട്), സോന (പെണ്ണുക്കര), കർണകി (ഭരണിക്കാവ്), ജ്യോതിലക്ഷ്മി (ബുധനൂർ) എന്നിവരുൾപ്പെടെ അഞ്ചു പേരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ അഭയം തേടിയത്. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിയ മറ്റു ചില കുട്ടികളും പ്രദേശത്തെ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കോളജ് അധികൃതർപ്രതിക്കൂട്ടിൽ
ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനൊപ്പം കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയെക്കുറിച്ചും അന്വേഷണം നടത്താൻ ആവശ്യമുയർന്നിട്ടുണ്ട്.ഒരുമാസം മുൻപും സമാനമായ രീതിയിൽ ഐടിഐയിൽ കുട്ടികൾക്ക് ഭക്ഷണത്തിൽനിന്ന് അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി വിദ്യാർഥിനികൾ പറയുന്നു.
എന്നിട്ടും പുറത്തുനിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയാറാകാതിരുന്നതാണ് വീണ്ടും ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുട്ടികൾക്ക് ഛർദിയും അസ്വസ്ഥതയും ബാധിച്ചിട്ടും മണിക്കൂറുകൾക്കുശേഷം വൈകിട്ട് അഞ്ചോടെ മാത്രമാണ് അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കാൻ തയാറായതെന്നും പരാതിയുണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
