ഓട്ടോ പറപ്പിക്കാന്‍ മദാമ്മ പെണ്ണുങ്ങള്‍ ! കൊച്ചിയില്‍ നിന്നു ഷില്ലോംഗിലേക്ക് നടത്തുന്ന യാത്രയുടെ വിശേഷങ്ങള്‍ ഇങ്ങനെ…

ഫോര്‍ട്ടുകൊച്ചി: ഇന്ത്യക്കാരുടെ സ്വന്തം വാഹനമായ ഓട്ടോറിക്ഷയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മേഘാലയിലെ ഷില്ലോംഗിലേക്ക് ഒരു യാത്ര. പക്ഷെ വണ്ടിയോടിക്കുന്നത് ഇന്ത്യക്കാരല്ല മദാമ്മമാരാണെന്നു മാത്രം. 250 ഓളം വിദേശ സഞ്ചാരികളാണ് ഈ ഓട്ടോകളിലുള്ളത്. അമ്പതോളം പേര്‍ വനിതകളാണ്. ‘അഡ്വഞ്ചര്‍ ടൂറിസ്റ്റ്സ്’ എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോംഗ് മലനിരകളിലെത്തും.

ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. ഇവരെല്ലാം രണ്ടുദിവസം മുമ്പുതന്നെ കൊച്ചിയിലെത്തിയിരുന്നു. കൂടുതല്‍ പേരും ഓട്ടോ കാണുന്നതുതന്നെ കൊച്ചിയിലെത്തിയ ശേഷമാണ്. കൊച്ചിയില്‍ തന്നെ ഇവര്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഇവരെ സഹായിച്ചത്.

വനിതകളും ഓട്ടോ ഓടിക്കുന്നുണ്ട്. ഓരോ ഓട്ടോയിലും രണ്ടും മൂന്നും പേരുണ്ട്.ഷില്ലോംഗിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ മുന്‍ കൗണ്‍സിലര്‍ ആന്റണി കുരീത്തറ ഓട്ടോയാത്ര ഫ്ളാഗ്ഓഫ് ചെയ്തു.എന്തായാലും പരിപാടിയ്ക്ക് സോഷ്യല്‍ മീഡിയയിലും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

Related posts