കു​റ്റ​വാ​ളി​ക​ളെ കു​ടു​ക്കു​ന്ന പ​ച്ച​പ്പു​ക​ൾ: ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ലെ ‘ഗ്രീ​ൻ ക്ലൂ​സ്’

ഒ​രു കു​റ്റ​കൃ​ത്യം ന​ട​ന്നാ​ൽ അ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഓ​രോ ചെ​റി​യ തെ​ളി​വി​നും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. വി​ര​ല​ട​യാ​ള​ങ്ങ​ളും മു​ടി​നാ​രു​ക​ളും തേ​ടി​പ്പോ​കു​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന, തീ​രെ നി​സാ​ര​മെ​ന്നു തോ​ന്നു​ന്ന ചി​ല പ​ച്ച​പ്പു​ക​ൾ​ക്ക് കൊ​ടും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​രെ ചു​രു​ള​ഴി​ക്കാ​ൻ ക​ഴി​യും.

അ​തെ, ന​മ്മു​ടെ മ​തി​ലു​ക​ളി​ലും പാ​റ​ക്കെ​ട്ടു​ക​ളി​ലും ന​ന​വാ​ർ​ന്ന നി​ല​ത്തു​മെ​ല്ലാം പ​റ്റി​പ്പി​ടി​ച്ചു വ​ള​രു​ന്ന പാ​ശാ​റു​ക​ൾ അ​ഥ​വാ മോ​സു​ക​ൾ നി​സാ​ര സ​സ്യ​ങ്ങ​ള​ല്ല, മ​റി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭൂ​പ​ടം വ​ര​ച്ചു​ത​രു​ന്ന നി​ശ​ബ്ദ സാ​ക്ഷി​ക​ളാ​ണ്.

പാ​ശാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​സ​സ്യ​വി​ഭാ​ഗം ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ൽ വ​ലി​യൊ​രു വി​പ്ല​വ​ത്തി​നു​ത​ന്നെ വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. ക​ണ്ണി​മ​യേ​ക്കാ​ൾ ക​ന​മി​ല്ലാ​ത്ത, ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ആ​രും കാ​ണാ​തെ പോ​കു​ന്ന ഈ ​കു​ഞ്ഞ​ൻ സ​സ്യ​ങ്ങ​ൾ, കൊ​ല​പാ​ത​കി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കാ​നും, ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നും, മ​ര​ണം ന​ട​ന്നി​ട്ട് എ​ത്ര നാ​ളാ​യി എ​ന്ന് കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നും സ​ഹാ​യി​ച്ച ച​രി​ത്ര​മു​ണ്ട്.

ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് 2011ൽ ​മി​ഷി​ഗ​ണി​ൽ ന​ട​ന്ന ബേ​ബി കേ​റ്റ് എ​ന്ന പി​ഞ്ചു​കു​ഞ്ഞി​ന്‍റെ തി​രോ​ധാ​നം. നാ​ലു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ ​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വാ​യ ഷോ​ൺ ഫി​ലി​പ്സ് മൃ​ത​ദേ​ഹം എ​വി​ടെ​യോ ഉ​പേ​ക്ഷി​ച്ചു എ​ന്ന​താ​യി​രു​ന്നു കേ​സ്. കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം എ​വി​ടെ​യാ​ണു മ​റ​വു​ചെ​യ്ത​തെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​ൻ അ​യാ​ൾ ത​യാ​റാ​യി​ല്ല.

ഏ​ഴ് കൗ​ണ്ടി​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന വി​ശാ​ല​മാ​യ വ​ന​മേ​ഖ​ല​യി​ൽ ആ ​പി​ഞ്ചു​കു​ഞ്ഞി​നെ ക​ണ്ടെ​ത്തു​ക എ​ന്ന​ത് പോ​ലീ​സി​ന് അ​സാ​ധ്യ​മാ​യ കാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ​യാ​ണ് ഫോ​റ​ൻ​സി​ക് ബോ​ട്ട​ണി അ​ഥ​വാ സ​സ്യ​ശാ​സ്ത്ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കു​റ്റാ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വാ​യ​ത്.

പ്ര​തി​യു​ടെ ഷൂ​വി​ന്‍റെ അ​ടി​യി​ൽ പ​റ്റി​പ്പി​ടി​ച്ച ഉ​ണ​ങ്ങി​യ ചെ​ളി​യി​ൽ നി​ന്നു ല​ഭി​ച്ച പാ​ശാ​റി​ന്‍റെ​യും മ​റ്റ് സ​സ്യ​ങ്ങ​ളു​ടെ​യും സൂ​ക്ഷ്മ​മാ​യ അം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മാ​റ്റ് വോ​ൺ കോ​ൺ​റാ​റ്റ് എ​ന്ന ഗ​വേ​ഷ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തീ​രു​മാ​നി​ച്ചു.

നൂ​റു​ക​ണ​ക്കി​നു പാ​ശാ​ർ വ​ർ​ഗ​ങ്ങ​ൾ ആ ​പ്ര​ദേ​ശ​ത്തു​ണ്ടെ​ങ്കി​ലും, ഓ​രോ പാ​ശാ​റും വ​ള​രാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. പ്ര​തി​യു​ടെ ഷൂ​വി​ൽ നി​ന്ന് ല​ഭി​ച്ച പാ​ശാ​റി​ന്‍റെ സാ​മ്പി​ളു​ക​ൾ​ക്കൊ​പ്പം റെ​ഡ് പൈ​ൻ, വൈ​റ്റ് സീ​ഡ​ർ തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​ടെ​യും ചി​ല പ്ര​ത്യേ​ക​ത​രം പു​ല്ലു​ക​ളു​ടെ​യും അം​ശ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. ഇ​വ​യെ​ല്ലാം ഒ​ത്തു​ചേ​രു​ന്ന ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ ക​ണ്ടെ​ത്തു​ക എ​ന്ന​താ​യി​രു​ന്നു അ​ടു​ത്ത പ​ടി.

വ​ന​ത്തി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് ഒ​ടു​വി​ൽ ഗ​വേ​ഷ​ക​ർ ആ ​കൃ​ത്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി. ഏ​ഴ് കൗ​ണ്ടി​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ന്ന അ​ന്വേ​ഷ​ണം വെ​റും 50 ച​തു​ര​ശ്ര അ​ടി​യി​ലേ​ക്ക് ചു​രു​ങ്ങി. ഒ​ടു​വി​ൽ പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ, ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച അ​തേ സ്ഥ​ല​ത്താ​ണ് താ​ൻ കു​ഞ്ഞി​നെ മ​റ​വു​ചെ​യ്ത​തെ​ന്ന് പ്ര​തി​ക്ക് സ​മ്മ​തി​ക്കേ​ണ്ടി വ​ന്നു.

സ​സ്യ​ങ്ങ​ളു​ടെ രൂ​പം മാ​ത്ര​മ​ല്ല, അ​വ​യു​ടെ ജ​നി​ത​ക​ഘ​ട​ന​യും കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും എ​ന്ന് തെ​ളി​യി​ച്ച​ത് 2001ൽ ​ഫി​ൻ​ലാ​ൻ​ഡി​ൽ ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക കേ​സാ​ണ്. കൊ​ല്ല​പ്പെ​ട്ട​യാ​ളെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ത​ങ്ങ​ൾ പോ​യി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വാ​ദം. എ​ന്നാ​ൽ അ​വ​രു​ടെ ഷൂ​വി​ലും കാ​റി​ലും പ​റ്റി​പ്പി​ടി​ച്ചി​രു​ന്ന പാ​ശാ​റി​ന്‍റെ ചെ​റി​യ അം​ശ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ചു.

കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് വ​ള​രു​ന്ന അ​തേ ഇ​നം പാ​ശാ​റു​ക​ളു​ടെ ഡി​എ​ൻ​എ​യു​മാ​യി പ്ര​തി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച സാ​മ്പി​ളു​ക​ൾ​ക്ക് കൃ​ത്യ​മാ​യ സാ​മ്യ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞു. കോ​ട​തി​യി​ൽ പാ​ശാ​റി​ന്‍റെ ഡി​എ​ൻ​എ തെ​ളി​വാ​യി സ്വീ​ക​രി​ച്ച ആ​ദ്യ​ത്തെ സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ത്.

മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ദു​രൂ​ഹ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പാ​ശാ​റു​ക​ൾ ഉ​ത്ത​ര​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. 2005ൽ ​താ​യ്പേ​യി​യി​ൽ ഒ​രു മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഒ​രാ​ളു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് പോ​ലീ​സി​ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​രി​ച്ച​യാ​ളു​ടെ കൈ​ത്ത​ണ്ട​യി​ൽ പ​റ്റി​പ്പി​ടി​ച്ചി​രു​ന്ന പാ​ശാ​റി​ന്‍റെ അം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ത് ആ ​മ​ര​ത്തി​ൽ വ​ള​രു​ന്ന അ​തേ പാ​ശാ​ർ ആ​ണെ​ന്ന് ക​ണ്ടെ​ത്തി.

ക​യ​ർ കെ​ട്ടു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ സ്വ​യം ആ ​മ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച​തി​ലൂ​ടെ​യാ​ണ് പാ​ശാ​ർ കൈ​ക​ളി​ൽ പ​റ്റി​യ​തെ​ന്ന് തെ​ളി​ഞ്ഞു. ഇ​ത് കൊ​ല​പാ​ത​ക​മ​ല്ല, ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഈ ​തെ​ളി​വ് സ​ഹാ​യി​ച്ചു. സ​മാ​ന​മാ​യ ഒ​രു സം​ഭ​വം ഇ​റ്റ​ലി​യി​ലും ന​ട​ന്നു. ഒ​രു ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച യു​വ​തി​യു​ടെ കേ​സി​ൽ, അ​വ​രു​ടെ ഷൂ​വി​ൽ നി​ന്നും ല​ഭി​ച്ച പാ​ശാ​റു​ക​ൾ ടെ​റ​സി​ലെ മ​തി​ലി​ൽ വ​ള​രു​ന്ന അ​തേ ഇ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. യു​വ​തി സ്വ​യം ആ ​മ​തി​ലി​ൽ ച​വി​ട്ടി​ക്ക​യ​റി​യ​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു അ​ത്.

കൊ​ല​പാ​ത​ക​ങ്ങ​ൾ മാ​ത്ര​മ​ല്ല, 2009ൽ ​ഷി​ക്കാ​ഗോ​യി​ലെ ബ​ർ ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ ന​ട​ന്ന ഒ​രു ത​ട്ടി​പ്പു​കേ​സ് തെ​ളി​യി​ക്കാ​നും പാ​ശാ​റു​ക​ൾ സ​ഹാ​യി​ച്ചു. സെ​മി​ത്തേ​രി​യി​ലെ ജീ​വ​ന​ക്കാ​ർ പ​ഴ​യ ശ​വ​കു​ടീ​ര​ങ്ങ​ൾ കു​ഴി​ച്ചെ​ടു​ത്ത് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും ആ ​സ്ഥ​ല​ങ്ങ​ൾ വീ​ണ്ടും വി​ൽ​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം. കു​ഴി​ച്ചെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കൊ​പ്പം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പാ​ശാ​റു​ക​ൾ (Fissidens taxifolius) പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​വ മ​ണ്ണി​ന​ടി​യി​ലാ​യി​ട്ട് 24 മാ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ എ​ന്ന് ഗ​വേ​ഷ​ക​ർ​ക്ക് മ​ന​സ്സി​ലാ​യി. ഇ​ത് പ്ര​തി​ക​ൾ പ​റ​ഞ്ഞ സ​മ​യ​ക്ര​മ​ത്തി​ന് വി​രു​ദ്ധ​മാ​യി​രു​ന്നു. അ​ങ്ങ​നെ ആ ​ത​ട്ടി​പ്പ് സം​ഘ​ത്തെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ആ ​ചെ​റി​യ സ​സ്യം കാ​ര​ണ​മാ​യി.

ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യാ​ൽ മ​ര​ണം ന​ട​ന്നി​ട്ട് എ​ത്ര നാ​ളാ​യി എ​ന്ന് ക​ണ​ക്കാ​ക്കു​ക (Postmortem Interval – PMI) എ​ന്ന​ത് പോ​ലീ​സി​ന് വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഇ​വി​ടെ​യാ​ണ് പാ​ശാ​റു​ക​ൾ ഒ​രു ‘ക്ലോ​ക്ക്’ പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1929ൽ ​ഓ​സ്ട്രി​യ​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു തെ​ളി​വ് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​ത്. അ​ഴു​കി​ത്തു​ട​ങ്ങി​യ ഒ​രു മൃ​ത​ശ​രീ​ര​ത്തി​ൽ വ​ള​ർ​ന്ന പാ​ശാ​റി​ന്‍റെ വ​ള​ർ​ച്ചാ​നി​ര​ക്ക് പ​രി​ശോ​ധി​ച്ചാ​ണ് മ​ര​ണം ന​ട​ന്ന സ​മ​യം ഗ​വേ​ഷ​ക​ർ അ​ന്ന് ക​ണ​ക്കാ​ക്കി​യ​ത്. പി​ന്നീ​ട് പ​ല രാ​ജ്യ​ങ്ങ​ളി​ലും സ​മാ​ന​മാ​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.

സ്വീ​ഡ​നി​ലെ സ്റ്റോ​ക്ക്ഹോ​മി​ൽ 2006ൽ ​ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ൽ വ​ള​ർ​ന്ന പാ​ശാ​റി​ന്‍റെ(Hylocomium splendens) ഘ​ട​ന പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​ന് ഏ​ക​ദേ​ശം 10 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഓ​രോ വ​ർ​ഷ​വും പു​തി​യ ത​ട്ടു​ക​ളാ​യി വ​ള​രു​ന്ന ഈ ​പാ​ശാ​റി​ന്‍റെ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ൾ മ​ര​ത്തി​ന്‍റെ വാ​ർ​ഷി​ക വ​ല​യ​ങ്ങ​ൾ പോ​ലെ എ​ണ്ണി​നോ​ക്കാ​ൻ സാ​ധി​ക്കും.

അ​തു​പോ​ലെ പോ​ർ​ച്ചു​ഗ​ലി​ൽ ക​ണ്ടെ​ത്തി​യ ഒ​രു അ​സ്ഥി​കൂ​ട​ത്തി​ൽ വ​ള​ർ​ന്ന പാ​ശാ​റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, മൃ​ത​ദേ​ഹം അ​ഴു​കാ​ൻ എ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​വും പാ​ശാ​ർ വ​ള​രാ​ൻ എ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​വും ചേ​ർ​ത്ത് ആ​കെ ആ​റ് വ​ർ​ഷ​മാ​യി ആ ​മൃ​ത​ദേ​ഹം അ​വി​ടെ കി​ട​ക്കു​ന്നു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ർ ക​ണ​ക്കാ​ക്കി. ഇ​ത് ആ ​സ​മ​യ​ത്ത് കാ​ണാ​താ​യ ഒ​രു വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ളു​മാ​യി ഒ​ത്തു​പോ​കു​ന്ന​താ​യി​രു​ന്നു.
1980-ക​ളി​ൽ ന്യൂ​യോ​ർ​ക്കി​ലെ വെ​സ്റ്റ്ചെ​സ്റ്റ​റി​ൽ ച​തു​പ്പി​ൽ ക​ണ്ടെ​ത്തി​യ ഒ​രു ബൂ​ട്ടി​ൽ വ​ള​ർ​ന്ന പാ​ശാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹ​ത്തി​ന് 2-3 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

അ​തു​പോ​ലെ 2010ൽ ​ഇ​റ്റ​ലി​യി​ലെ പെ​റു​ജി​യ​യി​ൽ കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ ത​ല​യോ​ട്ടി​യി​ൽ പ​റ്റി​പ്പി​ടി​ച്ച പാ​ശാ​ർ (Leptodictyum riparium) പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ര​ണം ന​ട​ന്നി​ട്ട് ഏ​ക​ദേ​ശം ര​ണ്ട​ര വ​ർ​ഷ​മാ​യെ​ന്ന് വ്യ​ക്ത​മാ​യി. ഇ​ത് 2007ൽ ​കാ​ണാ​താ​യ 80 വ​യ​സു​ള്ള ഒ​രു സ്ത്രീ​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ചു.

2013-ൽ ​ഇ​റ്റ​ലി​യി​ൽ ത​ന്നെ ന​ട​ന്ന മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, ത​ല​യോ​ട്ടി​യി​ലും വ​സ്ത്ര​ത്തി​ലും വ​ള​ർ​ന്ന പാ​ശാ​റി​ന്റെ (Hygrohypnum luridum) ശാ​ഖ​ക​ൾ എ​ണ്ണി​നോ​ക്കി​യാ​ണ് മ​ര​ണം ന​ട​ന്നി​ട്ട് 4 വ​ർ​ഷ​മാ​യെ​ന്ന് ഗ​വേ​ഷ​ക​ർ ഉ​റ​പ്പി​ച്ച​ത്. യു​കെ​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ അ​സ്ഥി​കൂ​ട​ത്തി​ൽ വ​ള​ർ​ന്ന പാ​ശാ​ർ (Brachythecium rutabulum) മ​ര​ണ​സ​മ​യം ക​ണ​ക്കാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ര​യേ​റെ സാ​ധ്യ​ത​ക​ളു​ണ്ടാ​യി​ട്ടും കു​റ്റാ​ന്വേ​ഷ​ണ രം​ഗ​ത്ത് പാ​ശാ​ർ ഇ​ന്നും വേ​ണ്ട​ത്ര ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണു സ​ത്യം. പ​ല​പ്പോ​ഴും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​വ​യെ തി​രി​ച്ച​റി​യാ​നു​ള്ള പ​രി​ശീ​ല​നം ല​ഭി​ക്കാ​റി​ല്ല. ചെ​ളി​യെ​ന്നോ അ​ഴു​ക്കെ​ന്നോ ക​രു​തി പ​ല​പ്പോ​ഴും ഇ​ത്ത​രം തെ​ളി​വു​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​റാ​ണ് പ​തി​വ്.

എ​ന്നാ​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ര​ല​ട​യാ​ള​ങ്ങ​ൾ​ക്കും അ​പ്പു​റം, പ്ര​കൃ​തി ത​ന്നെ ക​രു​തി​വ​യ്ക്കു​ന്ന ഇ​ത്ത​രം തെ​ളി​വു​ക​ൾ​ക്ക് പ​ല​പ്പോ​ഴും പ്ര​തി​ക​ളെ കു​ടു​ക്കാ​ൻ കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ൽ​കാ​ൻ ക​ഴി​യും. കാ​ടി​ന്‍റെ നി​ശ​ബ്ദ​ത​യി​ലാ​യാ​ലും ന​ഗ​ര​ത്തി​ര​ക്കി​ലാ​യാ​ലും സ​ത്യം വി​ളി​ച്ചു​പ​റ​യാ​ൻ കാ​ത്തി​രി​ക്കു​ന്ന ഈ ​പ​ച്ച​ത്തു​രു​ത്തു​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യേ​ണ്ട​തു​ണ്ട്.

ഡോ.​സു​രേ​ഷ് കു​ട്ടി,
അ​സോ. പ്ര​ഫ​സ​ർ,
ബോ​ട്ട​ണി വി​ഭാ​ഗം,
ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്,
പാ​ല​ക്കാ​ട്
(ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്)

Related posts

Leave a Comment