താങ്കള്‍ പറഞ്ഞ ആ രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെ? ജനാധിപത്യ സദസ്സുകള്‍ എവിടെ? മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്. മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബലിന്റെ ‘ഷേഡ്‌സ് ഓഫ് ട്രൂത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കേന്ദ്രത്തിനെതിരെ മന്‍മോഹന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.

കേന്ദ്രസര്‍ക്കാരിന് സംഭവിച്ച ഭരണപരാജയങ്ങള്‍ മുന്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. രണ്ട് കോടി തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നാണ് 2014ല്‍ അധികാരത്തിലേറുമ്പോള്‍ മോദി പറഞ്ഞത്. എന്നാല്‍ രാജ്യത്തെ തൊഴില്‍ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യാ എന്നീ പദ്ധതികളെല്ലാം പരാജയമായി. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ വഷളായി. മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.

രാജ്യത്തെ ജനാധിപത്യ സദസ്സുകള്‍ മോദി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും സിംഗ് പറയുന്നുണ്ട്. സ്ത്രീകളും, ദളിതരും, ന്യൂനപക്ഷങ്ങളും അരക്ഷിതമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. സിംഗ് പറയുന്നു.

കപില്‍ സിബലിന്റെ പുസ്തകത്തില്‍ ഇതെല്ലാം പ്രതിപാദിക്കുന്നുണ്ടെന്നും, പുസ്തകം രാജ്യവ്യാപകമായി ഒരു സംവാദത്തിന് തുടക്കം കുറിക്കട്ടെ എന്നും മുന്‍ പ്രധാനമന്ത്രി ആശംസിക്കുന്നുണ്ട്.

Related posts