വളരെ അപകടകാരിയായ കാർഷിക ഫംഗസിനെ അമേരിക്കയിലേക്കു കടത്തിയെന്നാരോപിച്ച് ചൈനീസ് ശാസ്ത്രജ്ഞയെയും കാമുകനെയും അറസ്റ്റ് ചെയ്തു. 33 കാരിയായ യുൻകിംഗ് ജിയാനും 34 കാരനായ സുൻയോങ് ലിയുവും ആണ് അറസ്റ്റിലായത്.
ഗോതമ്പ്, ബാർലി, ചോളം, അരി എന്നിവയെ ബാധിക്കുന്ന വിനാശകരമായ വിള രോഗമായ ഹെഡ്ബ്ലൈറ്റിന് കാരണമാകുന്ന ഫ്യൂസേറിയം ഗ്രാമിനാരം ഫംഗസ് യുഎസിലേക്ക് ഇറക്കുമതി ചെയ്തെന്നാണു കേസ്.
ആഗോളതലത്തിൽ കോടിക്കണക്കിന് ഡോളറിന്റെ വിളനാശത്തിന് ഈ ഫംഗസ് കാരണമായിട്ടുണ്ട്, കൂടാതെ മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ ദോഷം വരുത്തുന്ന മൈക്കോടോക്സിനുകൾ ഇത് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ലബോറട്ടറിയിൽ ജോലിക്കാരിയായ ജിയാൻ, മിഷിഗൺ സർവകലാശാലയിലെ ഗവേഷണത്തിനായാണ് ഫംഗസിനെ അമേരിക്കയിലേക്കു വിമാനത്താവളം വഴി കടത്തിയത്.
ജിയാന്റെ കാമുകനാണ് ചൈനീസ് സർവകലാശാലയിൽ ജോലി ചെയ്യുന്ന അറസ്റ്റിലായ ലിയു. നിരോധിത സാധനങ്ങൾ കടത്തൽ, തെറ്റായ പ്രസ്താവനകൾ നടത്തൽ, ഗൂഢാലോചന, വിസ തട്ടിപ്പ് എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തി.