മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പി നില്‍ക്കുന്ന സിനിമയാണ് ഒടിയന്‍! തുല്യതയില്ലാത്ത അഭിനയ മികവാണ് മഞ്ജുവിന്റേതും; ഒടിയന്‍ സിനിമയെക്കുറിച്ച് മന്ത്രി ജി. സുധാകരന് പറയാനുള്ളത്

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ആദ്യ അനുഭവമായിരിക്കും ഒടിയന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളെല്ലാം. മികച്ച ചിത്രമായിരുന്നിട്ടുകൂടി വിചിത്രമായ പല കാരണങ്ങളും പറഞ്ഞ് സിനിമയെ അടച്ചാക്ഷേപിക്കാന്‍ പലരും മുന്നിട്ടിറങ്ങുകയും ചിത്രത്തിനെതിരെ നവമാധ്യമങ്ങളില്‍ കൂടിയും മറ്റും വ്യാജപ്രചരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും അഭിനയത്തെ പോലും വിമര്‍ശിക്കാന്‍ പലരും മടി കാണിച്ചില്ല.

എന്നാല്‍ ചിത്രം കണ്ട പലര്‍ക്കും ഈ അഭിപ്രായത്തോട് യോജിപ്പില്ല എന്നതും ശ്രദ്ധേയമാണ്. സിനിമയിലെ പ്രമുഖരുള്‍പ്പെടെ പലരും ചിത്രം കണ്ടശേഷം ഇങ്ങനെയൊരു വിമര്‍ശനം ഈ ചിത്രം അര്‍ഹിക്കുന്നില്ല എന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.

ഈ സാഹചര്യത്തിലാണ്, ഒടിയനെ മുക്തകണ്ഠം പ്രശംസിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. കവി കൂടിയായ മന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കാതിരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഫോസ്ബുക്ക് പോസ്റ്റ് വായിക്കുന്നവരെല്ലാം അഭിപ്രായപ്പെടുന്നതും. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

ഡിസംബര്‍ 14 ന്റെ കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒടിയന്‍ എന്ന സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാര്‍ത്തകള്‍ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

കെ.ഹരികൃഷ്ണന്‍ വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാര്‍ മേനോന്‍ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ജു വാരിയരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്റെ മികച്ച സംഗീതവും പ്രഭാവര്‍മ്മയുടെ ഗാനവും ഷാജി കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം. മഞ്ജുവാര്യരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദര്‍ഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥ നീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്.

Related posts