കൊച്ചി: സംസ്ഥാനത്തെ ഗോത്രവിഭാഗക്കാരുടെ മണ്മറഞ്ഞുപോയ തനതു കലാരൂപങ്ങള്‍ പുതുതലമുറയ്ക്ക് കൈമാറുന്നതിനായി ജനഗല്‍സ (ജനങ്ങളുടെ ആഘോഷം)യുമായി കുടുംബശ്രീ.37 വിഭാഗങ്ങളില്‍പ്പെട്ട ഗോത്ര വിഭാഗക്കാരാണ് സംസ്ഥാനത്തുള്ളത്.
അവരുടേതായ തനത് സംഗീത, നൃത്ത രൂപങ്ങളും ആചാരാനുഷ്ഠാന കലകളും പിന്തുടരുന്നവരാണ് ഈ വിഭാഗക്കാര്‍. ഈ കലാരൂപങ്ങളില്‍ അവരുടെ സമഗ്രമായിട്ടുള്ള ജീവിത രീതികളും സംസ്ക്കാരവും കൃഷിരീതികളും നിക്ഷിപ്തമാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇവയ്ക്ക് ഇന്ന് മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കുടുംബശ്രീ ആവിഷ്കരിക്കുന്ന തദ്ദേശീയ മേഖലയിലെ നവീന പദ്ധതിയാണ് ജനഗല്‍സ.
ഇതിന്റെ ഭാഗമായി പ്രാദേശിക തലത്തിലുള്ള തദ്ദേശീയ കലാരൂപങ്ങളെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനും അതിലൂടെ കലാരൂപങ്ങള്‍ കൈമാറ്റചെയ്യപ്പെടാനും കലാരൂപങ്ങളില്‍ അധിഷ്ഠിതമായ പഠനം സാധ്യമാക്കാനും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കരിക്കുലം തയ്യാറാക്കും.
വിവിധ തദ്ദേശീയ കലാരൂപങ്ങളായ സംഗീതം, നൃത്തം, കൂത്ത്, കഥകള്‍, പഴംഞ്ചൊല്ലുകള്‍ തുടങ്ങിയ തനതു മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ അവബോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കും.
പ്രാദേശിക തലത്തിലുള്ള തദ്ദേശീയ മേഖലയിലെ കലാരൂപങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുകയും അവ പുതിയ കാലഘട്ടത്തിന്റെ അനുയോജ്യമായ രീതിയില്‍ തനതു മൂല്യം നഷ്ടപ്പെടാതെ ചിട്ടപ്പെടുത്തി അവതരിപ്പിക്കാനുള്ള അവസരമൊരുക്കും. ഇതിലൂടെ മാന്യമായ സ്ഥിര വരുമാനം ലഭിക്കത്തക്ക രീതിയില്‍ വൈശിയ വൈദ്യവും കരകൗശല ഉല്പന്നങ്ങളുടെ വിപണനവും വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചു നടപ്പിലാക്കും.
ഗോത്രകല അവതരിപ്പിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും ഓരോ കലയ്ക്കും അവതാരകര്‍ക്കും കൃത്യമായ പ്രതിഫലവും ലഭ്യമാക്കും. ഗോത്രകലകള്‍ അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യുന്നതിനായി അതാത് കലകളില്‍ പ്രാവീണ്യമുള്ള കലാകാരന്മാരെ ഓരോ ഗോത്രവിഭാഗത്തില്‍ നിന്നും കണ്ടെത്തി അവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ഗോത്ര വിഭാഗങ്ങളുടെ തനത് വാദ്യോപകരണങ്ങള്‍ പ്രത്യേകതരത്തില്‍ നിര്‍മിക്കപ്പെട്ടതും വംശീയ സംഗീതത്തിന്റെ അമൂല്യമായ അടയാളുമാണ്. അതിനാല്‍ നഷ്ടപ്പെട്ട സംഗീതോകരണങ്ങള് കണ്ടെത്താനും ഉള്ളത് സംരക്ഷിക്കാനും അടുത്ത തലമുറയ്ക്ക് ഇവ നിര്‍മിക്കാന്‍ പരിശീലനം നല്‍കാനും ഫോക് ലോര്‍ അക്കാദമി, നാടക അക്കാദമി, പട്ടികവര്‍ഗ വികസന വകുപ്പ്, ഭാരത് ഭവന്, പൊതുവിദ്യാഭ്യാസ വകുപ്പ്, കിര്‍ത്താര്‍ഡ്സ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇതിനാവശ്യ ധനസമാഹരണം കണ്ടെത്തും. ഗോത്രവിഭാഗക്കാരുടെ തനത് ആഭരണങ്ങളും ഭക്ഷ്യവിഭവങ്ങളും പൊതു വിപണിയില്‍ എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
സീമ മോഹന്‍ലാല്‍
