കോട്ടയം: പാചകവാതക പ്രതിസന്ധി ഓരോ ദിവസം പിന്നിടുമ്പോഴും സമൂഹത്തിന്റെ വിവിധ മേഖലകളെ സാരമായി ബാധിക്കുകയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ എടുക്കുന്നതിനായി ഏജന്‍സികള്‍ക്കു മുന്നില്‍ വലിയ ക്യൂവാണ്. ഫോണില്‍ ബുക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കു ഡെലിവറി ഓതന്റിഫിക്കേഷന് കോഡ് (ഡിഎസി) നമ്പര്‍ ലഭിച്ചവര്‍ക്കു മാത്രമേ പുതിയ സിലിണ്ടറുകള്‍ ഏജന്‍സികളില്‍നിന്നു നല്‍കുന്നുള്ളൂ.
പലരും രണ്ടു ദിവസം തുടര്‍ച്ചയായി ഫോണിലൂടെ പരിശ്രമിച്ചാണു സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത്. മറ്റു ചിലര്‍ ഇന്ത്യന്‍ ഓയില്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഓണ്‍ലൈനിലൂടെയും ബുക്ക് ചെയ്യുന്നുണ്ട്. പല ഏജന്‍സികളിലും 150 മുതല്‍ 200 വരെ സിലിണ്ടറുകള്‍ മാത്രമേ സ്റ്റോക്കുള്ളൂ.
സിലിണ്ടറുകള്‍ തീരുന്നതിനനുസരിച്ചു തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെ പുതിയ സിലിണ്ടറുകളുടെ ലോഡ് എത്തുമെന്നും ഏജന്‍സി അധികൃതര്‍ പറയുന്നു.
വിശ്രമമില്ലാതെ ഫോണുകള്‍
രണ്ടു ദിവസമായി ജില്ലയിലെ വിവിധ ഗ്യാസ് ഏജന്‍സികളിലെ ലാന്‍ഡ് ഫോണുകള്‍ക്കും ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ക്കും വിശ്രമമില്ല. രാവിലെ ഏജന്‍സിയുടെ ഓഫീസുകള്‍ തുറക്കുന്നതിനു മുമ്പുതന്നെ ഫോണുകള്‍ ബെല്ലടിച്ചു തുടങ്ങും. എല്ലാവര്ക്കും അറിയേണ്ടത് ഒന്നുമാത്രം, സിലിണ്ടര്‍ ഉണ്ടോ? ഇപ്പോള്‍ വന്നാല്‍ ഒരെണ്ണം കിട്ടുമോ? സിലിണ്ടര്‍ ബുക്ക് ചെയ്തു ഡിഎസി നമ്പറുമായി എത്രയും വേഗമെത്തിയാല്‍ പുതിയ സിലിണ്ടര്‍ നല്‍കാമെന്നാണ് ഏജന്‍സി ജീവനക്കാര്‍ നല്കുന്ന മറുപടി.
രാവിലെ ഏജന്‍സി ഓഫീസുകള്‍ തുറക്കുന്നതിനു മുമ്പുതന്നെ ആളുകളുടെ നീണ്ട ക്യൂവാണ് ഓഫീസുകള്‍ക്കു മുന്നില്‍ കാണുന്നത്. ഗ്യാസ് സിലിണ്ടറുകള്‍ തീരുന്നതനുസരിച്ച് ഏജന്‍സികളില്‍നിന്ന് എത്തുന്നുണ്ട്. ബുക്ക് ചെയ്ത് എത്തുന്ന എല്ലാ ഉപയോക്താക്കള്‍ക്കും നല്കാന് കഴിയും. ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണു വിവിധ ഏജന്‍സി അധികൃതര്‍ പറയുന്നത്.
