അച്ഛനില്‍ നിന്നും 10 ലക്ഷം തട്ടാന്‍ പെണ്‍കുട്ടിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം, പൈസയും വാങ്ങി പിസയും കഴിച്ചുകൊണ്ടിരിക്കേ പെണ്‍കുട്ടിയും കാമുകനും പോലീസിന്റെ വലയില്‍ കുടുങ്ങി, സിനിമാസ്റ്റൈല്‍ സംഭവം ഇങ്ങനെ

zzz_local-dramaഒത്തിരി സിനിമകളില്‍ കണ്ടതാണ് ഇത്തരം സീനുകള്‍. സ്വന്തം അച്ഛന്റെ കൈയില്‍നിന്നു പണം അടിച്ചുമാറ്റി പിടിക്കപ്പെട്ടെ പെണ്‍കുട്ടിയുടെ കഥ ഇതാ വീണ്ടും. സിനിമയിലല്ല ജീവിതത്തിലാണെന്നുമാത്രം. ഉത്തര്‍പ്രദേശിലാണ് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയെ തോല്പിക്കുന്ന സംഭവം. നോയിഡയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ മുസ്കാന്‍ അഗര്‍വാളാണ് തട്ടിക്കൊണ്ടുപോകല്‍ കഥയുടെ സൂത്രധാര. ഒപ്പം കാമുകനും കൂട്ടുകാരും ചേര്‍ന്നു. പിതാവില്‍ നിന്നും 10 ലക്ഷം തട്ടുകയായിരുന്നു ലക്ഷ്യം. പോലീസ് ഇടപ്പെട്ടതോടെ പണി പാളിയെന്നുമാത്രം.

സംഭവം ഇങ്ങനെ- വെള്ളിയാഴ്ച ഉച്ചക്ക് 2.50ഓടെ മുസ്കാന്റെ പിതാവ് ശിവ് അഗര്‍വാള്‍ മകളെ ഫോണില്‍ വിളിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. അസുഖമായതിനാല്‍ മകള്‍ കോളജില്‍ പോയിട്ടില്ലെന്നും ഹോസ്റ്റലില്‍ ആണെന്നുമറിഞ്ഞതിനാല്‍ സുഖവിവരം ആരാഞ്ഞാണ് പിതാവ് മകളെ ഫോണില്‍  വിളിച്ചത്. മറുതലയ്ക്കല്‍ മകള്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും മുറിയിലേക്ക് ആരൊക്കെയോ കടന്നുവരുന്ന ശബ്ദവും സഹായത്തിനായുള്ള മകളുടെ നിലവിളിയുമാണ് പിതാവ് കേട്ടത്. അഗര്‍വാള്‍ ഉടന്‍ പോലീസിനെ ബന്ധപ്പെട്ടു. ഫോണ്‍ കട്ടായ ഉടന്‍ മുസ്കാന്റെ മൊബൈലില്‍നിന്ന് പിതാവ് ശിവ് അഗര്‍വാളിന്റെ മൊബൈലിലേക്ക് സന്ദേശമെത്തി. മകള്‍ തടവിലാണെന്നും അവളെ വിട്ടയക്കാന്‍ 10 ലക്ഷം രൂപ മോചനദ്രവ്യമായി ഉടന്‍ മകളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുമായിരുന്നു സന്ദേശം. ഇതനുസരിച്ച് കാണ്‍പുരിലെ ബാങ്കില്‍നിന്ന് മകളുടെ അക്കൗണ്ടിലേക്ക് അഗര്‍വാള്‍ പണം അയച്ചു. പോലീസ് എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പണം നിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം ആ പണം മകളുടെ ഇ-വാലറ്റിലേക്ക് ട്രാന്‍സ്ഫറായതായി പോലീസ് കണ്ടെത്തി. എടിഎം വഴിയും പണം പിന്‍വലിച്ചെന്ന് കണ്ടെത്തിയതോടെ പോലീസിന് കാര്യങ്ങള്‍ മനസിലായി. തിരച്ചിലിനൊടുവില്‍ മുസ്കാനെയും കാമുകന്‍ ആദിത്യ ശ്രീവാസ്തവയെയും പാരി ചൗക്കിലെ പാര്‍ക്കില്‍ കണ്ടെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെട്ടത്. തന്റെ സുഹൃത്തിന് മുസ്കാന്‍ നാലു ലക്ഷം രൂപ കടം കൊടുത്തിരുന്നുവെന്നും ഇത് തിരിച്ച് വാങ്ങണമെന്ന പിതാവിന്റെ സമ്മര്‍ദം കൂടിയപ്പോഴാണ് അദ്ദേഹത്തില്‍നിന്നുതന്നെ പണം തട്ടിയെടുത്ത് തുക തിരിച്ചു നല്‍കാന്‍ പദ്ധതിയിട്ടതത്രേ.

Related posts