ചങ്ങനാശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് ആറ് ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയെ ചങ്ങനാശേരി പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് പച്ച പാലുവള്ളി വിജി ഭവനിൽ സുരേഷ് വാസു (46) ആണ് പിടിയിലായത്.
സെൻട്രൽ ജംഗ്ഷനിലുള്ള തോപ്പിൽ ജ്വല്ലറിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ മധ്യവയ സ്കനായ ഒരാൾ സ്വർണം വാങ്ങാൻ കടയിലെത്തി. കുട്ടികളുടെ വളയും കൈച്ചെയിനും ആവശ്യപ്പെട്ട ഇയാൾക്ക് ജീവനക്കാർ വിവിധ ആഭരണങ്ങൾ കാണിച്ചുകൊടുത്തു.
തുടർന്ന് ഏകദേശം 10 ഗ്രാം തൂക്കമുള്ള വിവിധ ആഭരണങ്ങൾ ഇയാൾ തെരഞ്ഞെടുത്തു. ഡിസ്കൗണ്ട് ഉൾപ്പെടെ 1,75,000 രൂപ വില വന്നെങ്കിലും ഇയാളുടെ കൈവശം 55,000 രൂപ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് സുഹൃത്ത് പണവുമായി എത്തിയിട്ടുണ്ടെന്നും പണം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിൽനിന്ന് പുറത്തു പോയി.
ഇയാൾ പോയശേഷം ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം കുറവുള്ളതായി കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആഭരണങ്ങൾ വാങ്ങാനെത്തിയ ആൾ ഒരു വളയും ഒരു കൈച്ചെയിനും എടുത്ത് പാന്റ്സി ന്റെ പോക്കറ്റിൽ ഇടുന്നതായി കണ്ടെത്തി. തുടർന്ന് ജീവനക്കാർ റോഡിലും സമീപ സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ചങ്ങനാശേരി പോലീസിൽ പരാതി നല്കുകയാ യിരുന്നു.
ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐ മാരായ അഖിൽ, രതീഷ്, എഎസ്ഐ സൈനി സെബാസ്റ്റ്യൻ, സീനിയർ സിപിഒമാരായ തോമസ് സ്റ്റാൻലി, ശ്യാം എസ്, നായർ (സ്പെഷൽ ബ്രാഞ്ച്, കോട്ടയം), സിപിഒ നിയാസ് എന്നിവരടങ്ങിയ അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സുരേഷ് വാസുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ സമാന രീതിയിൽ മറ്റു ജ്വല്ലറികളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും മറ്റേതെങ്കിലും കേസുകളിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
