ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മാർക്കോയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ കൂടി. ഇന്റര്‍നെറ്റ് സെര്‍ച്ച് എൻജിന് ഭീമനായ ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ ആദ്യ പത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രം. “മാർക്കോ’ ആണ് ഈ ലിസ്റ്റിൽ ഇടം നേടിയ ഏക മലയാള ചിത്രം.
മാർക്കോയ്ക്കു പുറമേ ഗൂഗിളിന്റെ ലിസ്റ്റിൽ കയറിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം സയ്യാരയാണ്. കാന്താര രണ്ടാം സ്ഥാനത്തും കൂലി മൂന്നാം സ്ഥാനത്തുമാണ്. വാര് 2, സോനം തേരി കസം എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാർക്കോ ആറാം സ്ഥാനത്താണ്. ഹൗസ്ഫുള് 5, ഗെയിം ചേഞ്ചര്‍, മിസിസ്, മഹാവതാര്‍ നരസിംഹ എന്നിവയാണ് മറ്റു ചിത്രങ്ങൾ.തിയറ്ററുകളിൽ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു.
മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ് ഒടിടിയിൽ എത്തിയിരുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു.
മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയറ്റർ റിലീസിന് ഗംഭീര വരവേൽപ്പാണു ലഭിച്ചിരുന്നത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ മാർക്കോയ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്.
അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടെയും ജഗദീഷിന്റെയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയുടെ ഹൈലൈറ്റാണ്. അസാധാരണ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.
