ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ പൊന്നേരി സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതിയെ പൊലിസ് വെടിവച്ചു വീഴ്ത്തി. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലിസിന് നേരെ ആക്രമണമുണ്ടായതും തുടർന്ന് പ്രതിയുടെ കാലിന് വച്ചതും. പ്രകാശ് (35) എന്ന യുവാവാണ് പൊലിസിന്റെ പിടിയിലായത്. പൊന്നേരി സർക്കാർ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രാജേശ്വരിക്ക് (24) നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച വൈകിട്ട് 7:15-ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ രാജേശ്വരിയുടെ സമീപത്തെത്തിയ പ്രകാശ്, കൈവശം കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ യുവതിയുടെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടർന്നതിനെ തുടർന്ന് രാജേശ്വരി നിലവിളിക്കുകയും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മുഖത്തും നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ രാജേശ്വരി നിലവിൽ ചികിത്സയിലാണ്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി നടത്തിയ തെരച്ചിലിനൊടുവിലാണ് മാധവാരത്തിന് സമീപം ഇയാളെ പൊലിസ് വളഞ്ഞത്. പ്രതിയെ പിടികൂടാൻ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം വെടിയുതിർത്തത്. പരിക്കേറ്റ പ്രതിയെ പൊലിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിപരമായ വൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്.
