മാന്നാർ: യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാളെ മാന്നാർ പോലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 നാണ് യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത്. തുടർന്ന് ശനിയാഴ്ച രാത്രി വീണ്ടും ഫോൺ വിളിച്ചു ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതേത്തുടർന്ന് യുവതി മാന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് പിടികൂടിയത്. മാവേലിക്കര വള്ളികുന്നം സ്വദേശിയായ ജയൻ എന്ന യുവാവാണ് യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചത്.
പ്രതിയെ വേഗത്തിൽ കണ്ടെത്തിയ നടപടിയിൽ പോലീസിനെ പ്രകീർത്തിച്ചും ഇത്തരത്തിൽ സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ തന്നെ പോലീസിനെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
