കൊച്ചി: കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ചികിത്സ തുടരുന്നതിനിടെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആര്‍ടി) നിയമം അനുശാസിക്കുന്ന പ്രായപരിധി പിന്നിട്ട ദമ്പതികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ ചികിത്സ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി.
എആര്‍ടി നിയമ പ്രകാരം സ്ത്രീകള്‍ക്ക് 50 ഉം പുരുഷന് 55 ഉം വയസാണ് അനുവദനീയ പ്രായം. 2023ല്‍ അനുവദനീയമായ പ്രായപരിധിക്കുള്ളില്‍ ആരംഭിച്ച ചികിത്സ പാതിവഴിയില്നില്ക്കെ ഈ പ്രായപരിധി പിന്നിട്ട സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിര്‍ത്തിവച്ചതോടെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.
ചികിത്സ തുടര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാണെന്ന് ഹർജിക്കാര്‍ കോടതിയെ അറിയിച്ചു. സമാന ഹര്‍ജി അനുവദിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സാധുവായ സമ്മതപത്രം സമര്‍പ്പിക്കുന്ന പ്രകാരം ഹര്‍ജിക്കാര്‍ക്ക് എആര്‍ടി ചികിത്സ ലഭ്യമാക്കാന്‍ ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് ഉത്തരവിട്ടത്.
