മനുഷ്യനും നായയും തമ്മിൽ അഗാധമായൊരു ബോണ്ട് ഉണ്ട്. ഉടമയുടെ വരവും കാത്ത് റെയിൽവേസ്റ്റേഷനു മുൻപിൽ കാത്തു നിൽക്കുന്ന ഹച്ചുക്കോ എന്ന നായക്കുട്ടി ഇന്നും നമ്മുടെ മനസിൽ നോവായി അവശേക്ഷിക്കുന്നു. ഹച്ചുക്കോയെപ്പോലെ തന്റെ ഉടമയോട് അമിതമായ സ്നേഹമുള്ളൊരു നായയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹിമാചലിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആളുകൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ചിലർ മഞ്ഞിൽ തണുത്തുറഞ്ഞ് മരിച്ചു വീഴുകയും ചെയ്യുന്നു. വിക്ഷിത് റാണ, പിയൂഷ് എന്നീ രണ്ട് യുവാക്കളെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലായിരുന്നു. എന്നാൽ ഇരുവരും കനത്ത മഞ്ഞ് വീഴ്ചയോടെ മരണപ്പെട്ടെന്ന് പിന്നീട് മനസിലായി. പോലീസും ബന്ധുക്കളും മരണമറിഞ്ഞ് അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച എല്ലാവരുടേയും ഉള്ളുലച്ചു.
പീയൂഷിന്റെ മൃതദേഹത്തിനരികെ അവന്റെ പ്രിയപ്പെട്ട നായക്കുട്ടി വിഷമത്തോടെ ഇരിക്കുകയാണ്. ഭക്ഷണമോ വെള്ളമോ ഒന്നും അവൻ കഴിക്കാനോ കുടിക്കാനോ കൂട്ടാക്കുന്നില്ല. നാല് ദിവസമായി അവൻ തന്റെ പ്രിയപ്പെട്ട യജമാനന്റെ മൃതദേഹത്തിനു കാവലിരിക്കുകയായിരുന്നു.
രക്ഷാപ്രവർത്തകർ മൃതദേഹം മഞ്ഞിൽ നിന്നും പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ നായ ആദ്യം കരുതിയത് അവർ അവന്റെ യജമാനനെ ഉപദ്രവിക്കാൻ എത്തിയതെന്നാണ്. അതോടെ അവൻ അക്രമണകാരിയായി. എന്നാൽ, വളരെ സ്നേഹത്തോടെയും അനുനയത്തിന്റെ രീതിയിലും അതിനോട് പെരുമാറിയപ്പോഴാണ് വന്ന ആളുകൾ സഹായിക്കാൻ എത്തിയവരാണ് എന്ന് മനസിലായത്. അതോടെ നായ അവരോട് സഹകരിക്കുകയും മൃതദേഹം അവിടെ നിന്നും മാറ്റാൻ സമ്മതിക്കുകയും ചെയ്തു.
