കോഴഞ്ചേരി: ഹിന്ദിഭാഷയുടെ പഠനവും പ്രചാരണവും വഴി സ്വാതന്ത്ര്യസമരരംഗത്തു പ്രവർത്തിച്ച ടി.എസ്. പൊന്നമ്മ വിടവാങ്ങി. മഹാത്മാഗാന്ധിയുടെ ആഹ്വാനം ഉൾക്കൊണ്ട് പതിനാലാം വയസിലാണ് പൊന്നമ്മ ഹിന്ദി ഭാഷാ പഠനം ആരംഭിച്ചത്. 98 ാംവയസിൽ അന്തരിച്ച ടി.എസ്. പൊന്നമ്മ സ്വാതന്ത്ര്യ സമര സേനാനികളുടെ ഗണത്തിൽ അവശേഷിക്കുന്നവരിൽ ഒരാളായിരുന്നു.
പഠനത്തോടൊപ്പം ഹിന്ദി അധ്യാപനവും നിര്‍വ്വഹിച്ചു. കോഴഞ്ചേരി കരിങ്ങനംപള്ളി കുടുംബത്തില്‍ 1928-ലാണ് ടി.എസ്.പൊന്നമ്മയുടെ ജനനം. നെടുന്പ്രം തോട്ടോട്ടില് ശങ്കരപ്പിള്ളയുടെയും കരിങ്ങനാംപളളി ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായിട്ടാണ് ജനനം. ഹിന്ദി അധ്യയനവും അധ്യാപനവും രാജ്യദ്രോഹമായി പരിഗണിക്കപ്പെട്ടിരുന്ന കാലത്താണ് രാഷ്ട്രഭാഷാ പ്രചാരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
മഹാത്മാഗാന്ധി രേഖാമൂലം ആവശ്യപ്പെട്ടതുകൊണ്ടാണ് കേരളത്തിലെ ഹിന്ദിപ്രചാരകരും അധ്യാപകരും രാഷ്ട്രഭാഷാ പ്രചാരണത്തില്‍ ഉറച്ചുനിന്നത്.രാഷ്ട്രഭാഷാ പ്രചാരണത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ ടി.എസ്. പൊന്നമ്മയെ അംഗീകരിച്ച് സ്വാതന്ത്ര്യസമര പെന്ഷന് അനുവദിച്ചിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 73-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ടി.എസ്.പൊന്നമ്മയെ ആദരിക്കുകയും ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഡോ. ദിവ്യ എസ്. അയ്യര്‍ വീട്ടിലെത്തി പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചിരുന്നു. ടി.എസ്. പൊന്നമ്മ എഴുതിയ കേരള് പ്രസൂണ്‍ എന്ന പുസ്തകം കളക്ടര്‍ക്ക് നൽകുകയും ചെയ്തു. എംഎ, ബിടി, ഹിന്ദി വിദ്വാന് എന്നീ ഉന്നതബിരുദങ്ങള്‍ നേടിയ ടി.എസ്. പൊന്നമ്മ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഹൈസ്കൂളിലെ അസിസ്റ്റന്റ് ആയിട്ടായിരുന്നു. നിരവധി കവിതകളും ലേഖനസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
ഹിന്ദി എഡ്യുക്കേഷണല്‍ സ്പെഷല്‍ ഓഫീസറായി ജോലി ചെയ്തശേഷം റീജിയണല്‍ ലാംഗ്വേജ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തുനിന്നും 1983-ല്‍ വിരമിച്ചു. തുടര്‍ന്ന് കാന്‍ഫെഡില്‍ പി.എൻ. പണിക്കരോടൊപ്പം പ്രവര്‍ത്തിച്ചു. ചെറുപ്പകാലത്തുതന്നെ കോഴഞ്ചേരി ഈസ്റ്റ് വനിതാ വായനശാല സ്ഥാപിച്ചു.
ഇപ്പോള്‍ അത് ജനതാവായനശാല എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. സിവില്‍ ഏവിയേഷന്‍ അഡ്വൈസറി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുകയും ആകാശവാണിയില്‍ തുടര്‍ച്ചയായി കവിതാ-കഥാ-ലേഖനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചുനാളുകളായി വീട്ടില്‍ കിടപ്പിലായിരുന്ന ടി.എസ്. പൊന്നമ്മ തിങ്കളാഴ്ച രാത്രി ഏഴിനാണ് അന്തരിച്ചത്. പായിപ്പാട് ലക്ഷ്മിവിലാസത്ത് പരേതനായ കെ.കെ.കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് കോഴഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് 3.30 മുതൽ വീട്ടിൽ പൊതുദർശനം ഉണ്ടാകും.
