ടെഹ്റാൻ: അമേരിക്കയിൽ നിന്ന് സമ്മർദം ശക്തമാകുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ നിയന്ത്രണം കർശനമാക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്ക് ഇറാന്റെ ദേശീയ സ്വത്താണെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. മേഖലയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾക്കു ശക്തമായ മുന്നറിയിപ്പു നൽകിയ അസീസി, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആർക്കും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നൽകില്ലെന്ന് ആവർത്തിച്ചു.
ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാനമായ സ്ഥാനമാണെന്ന് അസീസി ചൂണ്ടിക്കാട്ടി. തങ്ങളുടെ അധികാരം നിലനിർത്തിക്കൊണ്ടുതന്നെ, ശരിയായ നിയന്ത്രണങ്ങളിലൂടെയാണ് ഇതുവരെ മുന്നോട്ടുപോയതെന്നും അസീസി കൂട്ടിച്ചേർത്തു.
ഫെബ്രുവരി അവസാനം യുഎസുമായും ഇസ്രയേലുമായും യുദ്ധം ആരംഭിച്ചതുമുതൽ, ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നു കടന്നുപോകുന്ന നിർണായക ജലപാതയിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. കപ്പലുകൾ കടന്നുപോകുന്നതിന് മുൻപായി അനുമതി വാങ്ങണമെന്നും ടോൾ അടയ്ക്കണമെന്നും ആവശ്യപ്പെടുന്ന പുതിയ വ്യവസ്ഥകൾ ഇതിനകം അവതരിപ്പിച്ചതായി പ്രമുഖ ഷിപ്പിംഗ് ജേണലായ ലോയ്ഡ്സ് ലിസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനായി കപ്പലിന്റെ ഉടമസ്ഥത, ഇൻഷുറൻസ്, ജീവനക്കാരുടെ വിവരങ്ങൾ, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വഴി എന്നിവയടങ്ങിയ വിശദമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
കടലിടുക്കിൽനിന്നു മാറിനിൽക്കാൻ യുഎസ് നാവികസേനയ്ക്ക് ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. വാണിജ്യ കപ്പലുകൾ തങ്ങളുടെ സൈന്യത്തിന്റെ നിയന്ത്രണത്തിൽ മാത്രമേ ഹോർമുസിലൂടെ കടന്നുപോകാൻ പാടുള്ളൂ എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വിപുലീകരിച്ച പുതിയ നിയന്ത്രണമേഖലകൾ ഉൾപ്പെടുത്തിയുള്ള ഭൂപടം ഇറാൻ പുറത്തിറക്കിയതായും റിപ്പോർട്ടുകളുണ്ട്.
