അമ്പലപ്പുഴ: മുന്നറിയിപ്പും സുരക്ഷയുമില്ലാതെ ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു. പ്രധാന ജംഗ്ഷനുകളിൽ അപകടം പതിവാകുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക്.ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷന് തെക്ക് ഭാഗത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ചാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽനിന്നുള്ള ഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചുവിട്ടത്.
തെക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് വഴിതിരിച്ചുവിട്ടത്. എന്നാൽ, തൊട്ടടുത്ത പ്രധാന ജംഗ്ഷനായ എസ്എൻ കവല ജംഗ്ഷനിൽ ഇതുമൂലം വലിയ അപകടത്തിന് കാരണമാകുകയാണ്. ഇവിടെ ദേശീയപാതയ്ക്ക് ഇരുഭാഗത്തുനിന്നും സർവീസ് റോഡ് വഴി വരുന്ന വാഹനങ്ങളും കഞ്ഞിപ്പാടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുമെല്ലാം ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. ദേശീയപാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടിട്ടും ഗതാഗത ിയന്ത്രണത്തിന് ഇവിടെ പോലീസോ ഹോം ഗാർഡോ ഒന്നുമില്ല.
ജംഗ്ഷനിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാരും സമീപത്തെ വ്യാപാരികളും ചേർന്നാണ് ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്നത്.കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളും ചരക്കു ലോറികളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ ഗതാഗതക്കുരുക്കിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും ഇവിടെ അപകടത്തിൽപ്പെടുന്നത്.
മഴയായതിനാൽ ദേശീയപാത നിറയെ കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ ഒച്ചിഴയും വേഗത്തിലാണ് വാഹനങ്ങൾ വരുന്നത്. ഇതും വലിയ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുകയാണ്. ഇത് കണക്കിലെടുത്ത് അടിയന്തരമായി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
