വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ആണവായുധം നിർമിക്കില്ലെന്ന കരാറിലേക്ക് ഇറാൻ എത്തിയില്ലെങ്കിൽ ശക്തമായ സൈനിക നടപടിക്ക് യുഎസ് സജ്ജമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പു നൽകി. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള പശ്ചിമേഷ്യൻ സമാധാന ഉടമ്പടിക്ക് 72 മണിക്കൂറിന്റെ അന്ത്യശാസനം നൽകിയതോടെ മേഖല യുദ്ധത്തിന്റെ കരിനിഴലിലാണ്.
സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ ഇറാനു രണ്ടു മുതൽ മൂന്നു ദിവസം വരെ സമയമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെത്താൻ അത്രയധികം ആഗ്രഹിക്കുന്നുണ്ടെന്നും, യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആവശ്യത്തിന് എണ്ണ വിപണിയിലുണ്ടെന്നും വില കുറയുമെന്നുമാണ് ട്രംപിന്റെ കണക്കുകൂട്ടൽ.
അതേസമയം, ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് അമേരിക്ക അനുവദിക്കില്ലെന്ന നിലപാട് ജെ.ഡി. വാൻസ് ആവർത്തിച്ചു. നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നുകിടക്കുകയാണെന്നും വാൻസ് പറഞ്ഞു. “ഇറാൻ കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നാണു കരുതുന്നത്.
എന്നാൽ കരാറിൽ ഒപ്പുവയ്ക്കുന്നതുവരെ ഒന്നും ഉറപ്പിച്ചു പറയാനാകില്ല…’ വാൻസ് വ്യക്തമാക്കി. യുഎസ് ശുഭപ്രതീക്ഷയോടെയാണു ചർച്ചകൾ നടത്തുന്നതെന്നും തീരുമാനമെടുക്കേണ്ടത് ഇറാനാണെന്നും വാൻസ് കൂട്ടിച്ചേർത്തു.
ചർച്ചകൾ പരാജയപ്പെട്ടാൽ അടുത്ത ഘട്ടത്തിലേക്കു കടക്കാൻ അമേരിക്കൻ ഭരണകൂടം സജ്ജമാണെന്നും വൈസ് പ്രസിഡന്റ് മുന്നറിയിപ്പു നൽകി. ഇറാനെ ആണവായുധം നേടാൻ അനുവദിക്കുന്ന ഒരു കരാറും ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് തന്നോടു വ്യക്തമാക്കിയതായി വാൻസ് പറഞ്ഞു.
ഇറാൻ ആണവായുധം വികസിപ്പിച്ചാൽ അത് ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വാൻസ് വാദിച്ചു. ഇറാൻ ആണവ ശക്തിയായാൽ, മറ്റു പല രാജ്യങ്ങളും സ്വന്തമായി ആണവായുധം വേണമെന്ന ആവശ്യവുമായി രംഗത്തെത്തുമെന്നും, ഇത് അമേരിക്കൻ വിദേശനയത്തിനു വൻ തിരിച്ചടിയാകുമെന്നും വൈസ് പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചു.
