ദുബായ്: എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവു രേഖപ്പെടുത്തി. മുപ്പതോളം എണ്ണക്കപ്പലുകൾ കടലിടുക്കു മുറിച്ചുകടന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച, ബ്രെന്റ് ക്രൂഡ് ഓയിൽ വില 73 സെന്റ് കുറഞ്ഞ് ബാരലിന് 104.90 ഡോളറിലെത്തി.
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 20 സെന്റ് കുറഞ്ഞ് 100.82 ഡോളറായി. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇറാനിലെ ചൈനീസ് അംബാസഡറുടെയും അഭ്യർഥന മാനിച്ചാണ് ചൈനീസ് കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയത്.
രണ്ടു മാസമായി കടലിടുക്കിൽ കുടുങ്ങിക്കിടന്ന, ഇറാഖി എണ്ണയുമായി പോയ ചൈനീസ് സൂപ്പർടാങ്കർ ബുധനാഴ്ച യാത്ര തുടർന്നു. ജാപ്പനീസ് കമ്പനിയായ ഇനിയോസ് നിയന്ത്രിക്കുന്ന എണ്ണക്കപ്പലും ഹോർമുസ് കടലിടുക്ക് കടന്നുപോയതായി റിപ്പോർട്ടുണ്ട്.
അതേസമയം, കപ്പൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചെങ്കിലും യുഎഇ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ അജ്ഞാതർ പിടിച്ചെടുത്തതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഫുജൈറ തുറമുഖത്തിനു വടക്കുകിഴക്കായി 70 കിലോമീറ്റർ ദൂരെയാണു സംഭവം. പിടിച്ചെടുത്ത കപ്പൽ ഇറാൻ ലക്ഷ്യമാക്കിയാണു നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
കപ്പലുകൾക്കു കടന്നുപോകാൻ അനുമതി നൽകുന്നതു വിപണിയിലെ താത്കാലിക ആശ്വാസമാണെന്നും എന്നാൽ ആഗോളതലത്തിൽ എണ്ണയുടെ ആവശ്യകതയേക്കാൾ കുറവാണ് ഇപ്പോഴും വിതരണം നടക്കുന്നതെന്നും ഇന്റർനാഷണൽ എനർജി ഏജൻസി വിലയിരുത്തുന്നു.
