മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ സംവിധായകനായി ഉർവശി-കലാരഞ്ജിനി-കല്പന കുടുംബത്തിൽ നിന്നുള്ള നടൻ അഭയ് ശങ്കർ സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു.
2023ൽ യോസി എന്ന തമിഴ് ചിത്രത്തിലെ നായകനായാണ് അഭയ് ശങ്കർ സിനിമയിലേക്ക് അരങ്ങേറിയത്. ഇനിയും പേര് പ്രഖ്യാപിക്കാത്ത പുതിയ പ്രോജക്ട് ഹൊറർ-ത്രില്ലർ ശൈലിയിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് കലേഷ് രാമാനന്ദ് ആണ്.
ഹൃദയം, വർഷങ്ങൾക്കു ശേഷം, തമിഴ് ചിത്രമായ ഗാർഗി, ഫേസസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദ്, തന്റെ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ നിന്നെല്ലാം പൂർണമായും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് ശ്രദ്ധ ഗോകുൽ ആണ്.
മെഗാ ചിത്രം ദൃശ്യം 3, വലതു വശത്തെ കള്ളൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പരിചിതമായ ശ്രദ്ധ ഗോകുൽ ഈ സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായ നായകന്റെ അമ്മയായി എത്തുന്നത് മലയാളികളുടെ എല്ലാം പ്രിയപ്പെട്ട കലാരഞ്ജിനി ആണ്. അമ്മയും മകനുമായുള്ള രസകരമായ നിമിഷങ്ങളാണ് കഥയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. വളരെ വർഷങ്ങൾക്കു ശേഷം ഒരു പ്രധാനപ്പെട്ട മുഴുനീള കഥാപാത്രവുമായിട്ടാണ് കലാരഞ്ജിനി ഈ സിനിമയിൽ എത്തുന്നത്.
തമിഴ് താരനിരയും ചിത്രത്തിൽ ശ്രദ്ധേയ സാന്നിധ്യമാണ്. രമേശ് തിലക്, തലൈവാസൽ വിജയ്, കുംകി അശ്വിൻ, ടിഎസ്ആർ ശ്രീനിവാസൻ, ഡോ. അമർ രാമചന്ദ്രൻ, പ്രതിഭ പ്രതാപ് എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. തിങ്ക് സ്പേസ് എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശാന്ത് പ്രണവമാണ്.
അസോസിയേറ്റ് പ്രൊഡ്യൂസർ- മിഥുൻ മാമ്മൂട്ടിൽ. മലയാളത്തിലും തമിഴിലും പല സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ശ്രീജിത് എടവനയാണ് ഈ ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്.
അയ്യപ്പൻ നായർ എഡിറ്റിങ് കൈകാര്യം ചെയ്യുന്നു. പ്രൊജക്റ്റ് ഡിസൈൻ- സ്റ്റണ്ട് മാസ്റ്ററായ ജാക്കി ജോൺസൺ കൈകാര്യം ചെയ്യുന്നു. ആർട്ട് ഡയറക്ടർ- എസ്.പി. നാഗരാജ്. അസിസ്റ്റന്റ് ഡയറക്ടഴ്സ്- അനുഷ പ്രഭു, കൃഷ്ണ പ്രശാന്ത്, വസ്ത്രാലങ്കാരം- കെ- രാമു, മേക്കപ്പ്- രോഹിണി കെ.എസ്, സ്റ്റിൽസ്-ഗാന്ധി. പ്രൊഡക്ഷൻ മാനേജർ- കെ. മഹേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- സതീഷ് ജെ, പിആർഒ- എം.കെ. ഷെജിൻ. ചെന്നൈയും കേരളവും പ്രധാന ലൊക്കേഷനുകളാക്കി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
