പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് നേതാവുമായിരുന്ന മൈലപ്ര മണ്ണൂർ ജെറി ഈശോ ഉമ്മൻ (67) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ- എൽസി. മകൾ- മെർലിൻ. മരുമകൻ- സ്റ്റീഫൻ.
കേരള കോൺഗ്രസിലൂടെ പൊതുരംഗത്തെത്തിയ ജെറി ഈശോ ഉമ്മൻ സമീപകാലത്ത് സിപിഎമ്മിൽ ചേർന്നിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ് വിവിധ വിഭാഗങ്ങളിൽ സംസ്ഥാന സമിതിയംഗം, ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് – ജേക്കബ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു
2001ൽ പത്തനംതിട്ട നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. മൈലപ്ര ഗ്രാമപഞ്ചായത്തംഗവും ദീർഘകാലം സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. മികച്ച സഹകാരിയും ചെറുകിട വ്യവസായിയും ആയിരുന്ന ഇദ്ദേഹം ഹമാര അച്ചാർ കന്പനിയും കുമ്പഴയിൽ മണ്ണൂർ എന്റർപ്രൈസസ് എന്ന ഫുഡ് പ്രൊഡക്ട്സ് സ്ഥാപനവും നടത്തിയിരുന്നു.
