തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തലശേരി പോലീസ്.പാനൂർ പാറാട് പുത്തൂർ ക്ലബിന് സമീപം മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ തലശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. അശ്വതിയുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
അന്വേഷണം നടക്കുന്നതിനിടെ തലശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് തലശേരി എസ്എച്ച്ഒ ബിജു പ്രകാശ്, എസ്ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തി.
വൈകുന്നേരം 6.10-ഓടെ തലശേരി സദാനന്ദപൈ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എസ്ഐ അശ്വതി, സിപിഒമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
സ്റ്റേഷനിലെത്തിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. എസ്.ഐ ഷമീൽ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, കവർച്ച എന്നിവ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
