എന്റെ കൂടെ ജീവിക്കുന്നതിനിടെ ഒരു ദിവസം അവള്‍ ഒരാള്‍ക്കൊപ്പം ഒളിച്ചോടി, തിരിച്ചുകൊണ്ടുവന്നത് മക്കളെ ഓര്‍ത്ത്, അവളുടെ ദുര്‍നടപ്പാണ് എല്ലാത്തിനും കാരണം, തുറന്നടിച്ച് സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍

മകള്‍ ഐശ്വര്യ മരിച്ചത് സൗമ്യയോ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മൂന്ന് ദിവസം കഴിഞ്ഞ് പത്രത്തിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും പിണറായി കൂട്ടക്കൊലക്കേസിലെ പ്രതിയായ സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

മകള്‍ കീര്‍ത്തന മരിച്ചത് രോഗത്തെ തുടര്‍ന്നാണ്. ആറുമാസം പ്രായമുള്ളപ്പോള്‍ കീര്‍ത്തനയുടെ കാതു കുത്തിയിരുന്നു. കാത് കുത്തിയ ദിവസം മുതലാണ് കീര്‍ത്തനക്ക് രോഗം തുടങ്ങിയത്. നിര്‍ത്താതെയുള്ള കരച്ചിലായിരുന്നു ആദ്യം.

പിന്നീടാണ് വയറു വേദനയാണെന്ന് മനസിലായത്. തലശേരിയിലും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലും ചികിത്സിച്ചു. ഒടുവില്‍ മരണമടയുകയായിരുന്നു. സൗമ്യയുടെ പലരുമായും നിരന്തരമായിട്ടുള്ള ഫോണ്‍ വിളിയാണ് തമ്മില്‍ അകലാന്‍ കാരണമായത്.

സൗമ്യയെ താന്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സൗമ്യ എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് അന്ന് ചികിത്സ തേടിയത് കിഷോര്‍ പോലീസിനോട് പറഞ്ഞു.

തന്റെ കൂടെ ജീവിക്കുമ്പോള്‍ തന്നെ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയിരുന്നു. കുട്ടികളെ ഓര്‍ത്ത് കൂട്ടിക്കൊണ്ട് വരികയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് തന്നോടൊപ്പം താമസിച്ചു വരവെ കൂടെ ജീവിക്കാന്‍ താത്പര്യമില്ലെന്നും തിരിച്ചു പോകുകയാണെന്ന് കത്തെഴുതി വെച്ചാണ് സൗമ്യ പിണറായിയിലേക്ക് പോന്നത്. പിന്നീട് ബന്ധമുണ്ടായിരുന്നില്ല.

സൗമ്യയുടെ ദുര്‍നടപ്പ് കാരണം രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ സംശയം ജനിച്ചിരുന്നുവെന്ന് കിഷോര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.സൗമ്യയുടെ സാന്നിധ്യത്തില്‍ പല തവണ കിഷോറിനെ പോലീസ് ചോദ്യം ചെയ്തു. രണ്ട് പേരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പോലീസ് സാക്ഷിയായി. കിഷോറിന്റെ മൊഴികള്‍ പോലീസ് പൂര്‍ണമായും മുഖ വിലക്കെടുത്തിട്ടില്ല.

ഇയാളുടെ ഫോണ്‍ കോളുകളുടെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കുഞ്ഞിക്കണ്ണന്‍, കമല, ഐശ്വര്യ എന്നിവര്‍ മരിക്കുമ്പോള്‍ കിഷോറിന്റെ സാന്നിധ്യം പിണറായി പ്രദേശത്ത് ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നണ്ട്.

ഇന്നലെ ഉച്ചയോടെ തലശേരി പോലീസ് സ്റ്റേഷനിലെത്തിച്ച കിഷോറിനെ ജില്ലാ പോലീസ് ചീഫ് ശിവവിക്രം, എഎസ്പി ചൈത്ര തെരേസ ജോണ്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്‍, സിഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം രാത്രി വരെ ചോദ്യം ചെയ്തു. എന്നാല്‍ കീര്‍ത്തനയുടെ മരണത്തില്‍ കിഷോറിന് പങ്കുണ്ടെന്ന വ്യക്തമാകുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

സൗമ്യയെ ഇന്ന് വൈകുന്നേരം തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ ഐശ്വര്യയെ കൊലപ്പെടുത്തിയ കേസില്‍ സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സിഐ കെ.ഇ. പ്രേമചന്ദ്രന്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

ഇതിനിടയില്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ മുംബൈയില്‍ നിന്നും പ്രമുഖ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ ഇന്നെത്തും. മുംബെയില്‍ നിന്നും വിമാന മാര്‍ഗം മംഗലാപുരത്തെത്തുന്ന ആളൂര്‍ റോഡ് മാര്‍ഗം ഉച്ചയോടെ തലശേരിയിലെത്തുമെന്നാണ് അറിയുന്നത്.

 

Related posts