കബാലി ഡാ ! കോവിഡ് മുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ നഴ്‌സായ ഭാര്യയ്ക്ക് ‘കബാലി സ്‌റ്റൈല്‍’ സ്വീകരണം ഒരുക്കി ഭര്‍ത്താവ്

കോവിഡ് മുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ നഴ്‌സായ ഭാര്യയ്്ക്ക് കബാലി സ്‌റ്റൈല്‍ സ്വീകരണം ഒരുക്കിയ ഭര്‍ത്താവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

കടുത്ത രജനികാന്ത് ആരാധകന്‍ ആയ ആളാണ് ഭാര്യയ്ക്ക് കബാലി സ്‌റ്റൈല്‍ സ്വീകരണമൊരുക്കി ഏവരെയും ഞെട്ടിച്ചത്. കര്‍ണാടകയിലാണ് സംഭവം.

ഇവന്റ് മാനേജര്‍ കൂടിയായ രാമചന്ദ്ര റാവു, ഭാര്യ കലാവതിക്കാണ് ഇവരുടെ ഹൗസിങ് കോളനിയുടെ റോഡില്‍ റെഡ് കാര്‍പ്പെറ്റ് വിരിച്ച് സ്വീകരണമൊരുക്കിയത്.

റെഡ് കാര്‍പ്പെറ്റ് മാത്രമല്ല പൂമാലയും, ചെണ്ടും താലപ്പൊലിയുമെല്ലാം ഭാര്യയ്ക്കായി രാമചന്ദ്ര റാവു ഒരുക്കിയിരുന്നു. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന നഴ്‌സുകൂടിയായ കലാവതിക്ക് ആഴ്ചകള്‍ക്ക് മുമ്പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതോടെ പത്ത് വയസ്സുകാരി മകളും രാമചന്ദ്രയും ഒറ്റയ്ക്കായി. അതോടെ നാട്ടുകാര്‍ വീടിന്റെ പരിസരത്തേക്ക് വരാതെയായി. നാട്ടുകാരുടെ മനോഭാവം മനസ്സിലായതോടെയാണ് ആശുപത്രി വിട്ട് എത്തിയ ഭാര്യക്ക് സ്വീകരണമൊരുക്കാന്‍ രാമചന്ദ്ര തീരുമാനിച്ചത്.

ആശുപത്രിയിലെത്തി പ്രധാന സര്‍ജനായ ഡോ. ടിഎ വീരഭദ്രയ്യ, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പഴങ്ങളും പൂമാലകളും നല്‍കുകയും ചെയ്തു.

‘ഞാന്‍ രജനീകാന്ത് സാറിന്റെ വലിയ ഫാനാണ്, കുടുംബത്തിന്റെ ഇഷ്ടങ്ങളാണ് എനിക്ക് പ്രധാനം, പ്രത്യേകിച്ചും എന്റെ ഭാര്യയുടെ. ഞങ്ങളുടെ വീട് പത്ത് ദിവസം സീല്‍ ചെയ്തു. ഭാര്യ സുഖമായി തിരിച്ചെത്താന്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.’ രാമചന്ദ്ര റാവു പറയുന്നു.

‘മൂന്ന് മാസം ഞാന്‍ കൊറോണ രോഗികളുടെ വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തു. ജോലിക്കിടയില്‍ ധാരാളം കൊറോണ രോഗികള്‍ സുഖമാകുന്നത് കണ്ടിരുന്നു.

അതുകൊണ്ട് എനിക്കും വേഗത്തില്‍ രോഗം ഭേദമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു.’കലാവതിയും പ്രതികരിച്ചു. എന്തായാലും കൊറോണ വാര്‍ഡില്‍ ധൈര്യസമേതം ജോലി ചെയ്ത ഭാര്യയെയും ഭാര്യയ്ക്ക് സ്വീകരണം ഒരുക്കിയ ഭര്‍ത്താവിനെയും നാട്ടുകാര്‍ അഭിനന്ദിക്കുകയാണ് ഇപ്പോള്‍.

Related posts

Leave a Comment