അഹമ്മദാബാദ്: ഇന്ത്യൻ പൗരന്മാർക്ക് ജർമനി വഴി മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിന് വിസയില്ലാതെ ട്രാൻസിറ്റ് സൗകര്യം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും ഇന്നലെ അഹമ്മദാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ ചാൻസലറുമായി നടത്തിയ ചർച്ചയിൽ പ്രതിരോധം, വ്യാപാരം, ഊർജം തുടങ്ങി വിവിധ മേഖലകളിലായി 19 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
പ്രധാന കരാറുകൾ
പ്രതിരോധ വ്യവസായരംഗത്തു സഹകരണം വർധിപ്പിക്കുന്നതിനും ആയുധങ്ങളുടെ സംയുക്ത നിർമാണത്തിനുമായി പദ്ധതികൾ ആവിഷ്കരിക്കും. ജർമനിയിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ നിയമനത്തിന് സ്കിൽ പാർട്ണർഷിപ്പ് കരാറിൽ ഒപ്പുവച്ചു. നിലവിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരാണ് ജർമനിയിലുള്ളത്.
ജർമൻ സർവകലാശാലകളുമായി സഹകരണം മെച്ചപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന് പുതിയ ദിശാബോധം നൽകുന്ന കരാറുകൾ ഒപ്പിട്ടു. ഊർജമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക് ഇരുരാജ്യങ്ങളും തുടക്കം കുറിക്കും.
ഭീകരതയ്ക്കെതിരേ സംയുക്ത പോരാട്ടം
ഭീകരവാദം ലോകത്തിനു ഭീഷണിയാണെന്നും ഇതിനെതിരേ കർശനമായ പോരാട്ടം തുടരുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. കഴിഞ്ഞ വർഷം പഹൽഗാമിലും ഡൽഹിയിലുമുണ്ടായ ഭീകരാക്രമണങ്ങളെ ചർച്ചയിൽ അപലപിച്ചു. ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനും തീരുമാനമായി.
സാമ്പത്തിക ബന്ധം
ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരം അന്പതു ബില്യൺ ഡോളർ കവിഞ്ഞ് റെക്കോർഡ് നിലയിലെത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടായിരത്തിലധികം ജർമൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, യുക്രയ്ൻ യുദ്ധം, ഗാസയിലെ സാഹചര്യം എന്നിവയും നേതാക്കൾ ചർച്ച ചെയ്തതിൽ ഉൾപ്പെടുന്നു.
ചാൻസലർ പദവിയിലെത്തിയ ശേഷം മെർസ് നടത്തുന്ന ആദ്യ ഏഷ്യൻ സന്ദർശനമാണിത്. ഒരു വലിയ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.ന്ത്യ-ജർമനി സഹകരണം വർധിപ്പിക്കും;
