വാഷിംഗ്ടൺ ഡിസി: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൈനിക നടപടിക്കു മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക നടപടിക്ക് ട്രംപ് ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ ലെവിറ്റ്, നയതന്ത്രപരമായ പരിഹാരങ്ങൾക്കാണ് യുഎസ് മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു.
ഇറാൻ വിഷയത്തിൽ വ്യോമാക്രമണം ഉൾപ്പെടെയുള്ള സൈനിക നടപടികൾ ട്രംപിന്റെ പരിഗണനയിലുണ്ട്. ആവശ്യമെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം മടിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാൻ ഭരണകൂടം പരസ്യമായി പറയുന്ന കാര്യങ്ങളല്ല സ്വകാര്യമായി അമേരിക്കയെ അറിയിക്കുന്നതെന്ന് ലെവിറ്റ് വെളിപ്പെടുത്തി.
സാമ്പത്തിക തകർച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിലെ അസർബൈജാൻ പ്രവിശ്യയിലും അരാക് നഗരത്തിലും വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടതായും പതിനായിരത്തിലധികം പേർ അറസ്റ്റിലായതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണ് രാജ്യത്തെ കലാപങ്ങൾക്ക് കാരണമെന്ന് ഇറാൻ ആരോപിച്ചു. ഏതൊരു വിദേശ ആക്രമണത്തെയും നേരിടാൻ ഇറാൻ സായുധ സേന പൂർണ സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
