യൂറോപ്പിനെവരെ ആക്രമണ പരിധിയില്‍ നിര്‍ത്താന്‍ ശേഷിയുള്ള ആയുധം വികസിപ്പിക്കാന്‍ ഇന്ത്യ ! അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലിന്റെ സവിശേഷതകള്‍ ഇങ്ങനെ…

യൂറോപ്പിനെ വരെ അക്രമണ പരിധിയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.5000 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ശത്രുകേന്ദ്രങ്ങള്‍ വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈലാണ് ഇന്ത്യ വികസിപ്പിക്കാനൊരുങ്ങുന്നത്.രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വിഭാഗമാണ് ഈ മിസൈല്‍ നിര്‍മ്മാണത്തിന് പിന്നില്‍. അടുത്തിടെ വിക്ഷേപിച്ച് വിജയിച്ച കെ-4 ന്റെ ശേഷികൂടി പതിപ്പായിരിക്കും പുതിയ മിസൈല്‍.

അന്തര്‍വാഹിനികളില്‍ വച്ച് സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള തരത്തിലായിരിക്കും ഭാവിയിലെ ഇന്ത്യന്‍ സേനയുടെ ബ്രഹ്മാസ്ത്രമായേക്കാവുന്ന മിസൈല്‍ എന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ ചൈന, പസഫിക്ക് മേഖലകള്‍ എന്നിവിടങ്ങളില്‍ എല്ലാം ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്ന തരത്തിലാണ് മിസൈല്‍ നിര്‍മ്മാണം. നേരത്തെ അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന കെ-4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന്റെ ദൂരപരിധി 3500 കിലോമീറ്ററാണ്.

അതേ സമയം 5000 കിലോ മീറ്റര്‍ പരിധിയുള്ള മിസൈല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ സര്‍ക്കാരിന്റെ അവസാന നിര്‍ദേശം കാത്തിരിക്കുകയാണ് ഡിആര്‍ഡിഒ എന്നാണ് സൂചന. ഇതിനുള്ള സാങ്കേതിക വിദ്യ നേരത്തെ തന്നെ ഇന്ത്യയുടെ കയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം 5000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സാധിക്കുന്ന കരയില്‍ നിന്നും വിക്ഷേപിക്കാവുന്ന അഗ്‌നി-5 ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട്.

ഇത് ഉടന്‍ തന്നെ സൈന്യത്തിന്റെ ഭാഗമാവും. കെ-4ന്റെ രണ്ട് പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി എന്നാണ് പ്രതിരോധ വൃത്തങ്ങള്‍ അറിയിക്കുന്നത്. കെ-4 നാവിക സേനയുടെ ഭാഗമായാല്‍ അത് അരിഹന്ത് ക്ലാസ് അന്തര്‍വാഹിനിയുമായി സംയോജിപ്പിക്കും. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലുകള്‍ ഉള്ളത് നിലവില്‍ അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ്.

Related posts

Leave a Comment