അസഭ്യം പറഞ്ഞതു ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാവ് സിറിഞ്ച് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു; സിറിഞ്ചില്‍ ലഹരി വസ്തുക്കള്‍ ഉണ്ടേയെന്നറിയാന്‍ രക്തം പരിശോധനയ്ക്ക് അയച്ചു

tvm-parikkuകൊട്ടാരക്കര: ഗൃഹനാഥനെ മദ്യപിച്ച് അക്രമാസക്തനായ യുവാവ് സിറിഞ്ച് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ജിന്‍ഷന്‍ വില്ല (ഇടയല വീട്) യില്‍ കെ.കെ ബേബി (59) യെയാണ് സമീപവാസിയായ ചേരൂര്‍ കിഴക്കേതില്‍ വീട്ടില്‍ വിനോദ് വര്‍ഗീസ് കവിളില്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്.

ഇയാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവിളില്‍ ആഴത്തില്‍ കുത്തേറ്റ ബേബിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ബേബിയുടെ വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ വിനോദ് 85 വയസുള്ള വൃദ്ധമാതാവിനെ അസഭ്യം പറയുകയുണ്ടായി. ഇത് ചോദ്യം ചെയ്തതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് ബേബി പറയുന്നു.

മദ്യപിച്ച് വീട്ടിലും സമീപത്തെ ആളുകളെയും അസഭ്യം പറയുകയും അക്രമ സ്വഭാവം കാണിക്കുകയും ചെയ്തുവന്നിരുന്ന ആളാണ് വിനോദെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുകയും സമീപവാസികളെ അസഭ്യം പറയുകയും ശല്യം ചെയ്യുകയും ചെയ്യാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

സിറിഞ്ച് വെച്ച് കുത്തേറ്റ ബേബിയുടെ കവിളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സൂചിയുടെ ഒരു ഭാഗം കവിളില്‍ ഒടിഞ്ഞിരിക്കുകയായിരുന്നു. ഡോക്ടര്‍മാരാണ് ഒടിഞ്ഞ സൂചിയുടെ ഭാഗം നീക്കം ചെയ്തത്. സിറിഞ്ചില്‍ ലഹരി വസ്തുക്കളോ മറ്റ് മാരക മരുന്നുകളോ നിറച്ചിട്ടുണ്ടോയെന്ന സംശയത്താല്‍ ബേബിയെ വിദഗ്ദ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലെ കാര്യങ്ങള്‍ വ്യക്തമാകു.

Related posts