തലശേരി: പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി വിവിധ ബാങ്കുകളിലും ഓഹരികളുമായി 1,05,94,062 രൂപയുടെ നിക്ഷേപം. ബാങ്കുകൾ, ട്രഷറി എന്നിവിടങ്ങളിലായി പിണറായിക്ക് 45,35,620 രൂപയുടെ നിക്ഷേപവും ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപവുമാണുള്ളത്. ഇരുവർക്കും ബാധ്യതകളില്ല.
പണമായി പിണറായിയുടെ കൈയിലുള്ളത് 1,000 രൂപയാണ്. സെക്രട്ടേറിയറ്റ് ട്രഷറി സേംവിഗ്സ് ബാങ്ക്, എസ്ബിഐ തലശേരി ബ്രാഞ്ച്, പിണറായി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലാണ് പിണറായിക്ക് നിക്ഷേപമുള്ളത്.
കണ്ണൂർ വിമാനത്താവളകന്പനിയായ കിയാലിൽ ഒരു ലക്ഷം രൂപ മൂല്യം വരുന്ന ആയിരം ഓഹരികളും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപ മൂല്യമുള്ള ആയിരം ഓഹരികളും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ 500 രൂപയുടെ ഓഹരികളുമുണ്ട്.
പിണറായിക്കെതിരേ നിലവിൽ ഒരു കേസുണ്ട്. എസ്എൻസി ലാവ്ലിനുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാംഗ് മൂലത്തിൽ പറയുന്നു.
ഭാര്യ കമലയ്ക്ക് എസ്ബിഐ തലശേരി, കണ്ണൂർ ട്രഷറി സേവിംഗ്സ്, കണ്ണൂർ സബ് ട്രഷറി എന്നിവിടങ്ങളിലും അഴിയൂർ പോസ്റ്റ് ഓഫീസ്, വിവിധ സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലും എഫ്ഡി ഉൾപ്പെടെയുള്ള നിക്ഷേപമാണുള്ളത്. മലയാളം കമ്യൂണിക്കേഷനിൽ 20,000 രൂപയുടെ ഓഹരികളും കിയാലിൽ രണ്ടു ലക്ഷം രൂപയുടെ ഓഹരികളുമുണ്ട്. 11,56,800 രൂപ മൂല്യമുള്ള 80 ഗ്രാം സ്വർണാഭരണം സ്വന്തമായുണ്ട്.
ദന്പതികൾക്ക് സ്വന്തമായി വാഹനങ്ങളില്ല. പിണറായിയുടെ പേരിൽ 0.78 ഏക്കർ ഭൂമിയും വീടുമുൾപ്പെടെ 56,02,000 രൂപയുടെ സ്ഥാവര ആസ്തിയും കമലയ്ക്ക് വടകര താലൂക്കിലെ ഒഞ്ചിയത്ത് പാരന്പര്യമായി ലഭിച്ച 36 ലക്ഷം മൂല്യമുള്ള 17.5 സെന്റ് സ്ഥലവുമുണ്ട്.
