വാഷിംഗ്ടണ്‍: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്നു റിപ്പോർട്ട്. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനാണു യുഎസ് പദ്ധതി എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒന്നര മണിക്കൂർ നീണ്ട ചർച്ച നടത്തി.
അതിനിടെ മധ്യപൂർവദേശത്ത് യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങി. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണു സൂചന. വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കു തിരിച്ചു. ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നു കരുതുന്നു.
മധ്യപൂർവദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു. മധ്യപൂർവദേശത്ത് യുഎസിന്റെ നാൽപതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും പോർവിമാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയാറായില്ല. അതിനിടെ, യുഎസിൽനിന്ന് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ ഇസ്രയേൽ ആവശ്യപ്പെട്ടു. ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിലുള്ള ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനാണിതെന്നാണ് സൂചന.
ഇസ്രയേൽ-ഇറാൻ സംഘർഷം തീർക്കാൻ വെടിനിർത്തലല്ല പരിഹാരമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികിൽ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും നിലവിൽ അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയാറല്ലെന്നും ട്രംപ് പറഞ്ഞു.
ഇന്നലെ രാത്രിയിൽ ഉടനീളം ടെഹ്റാനിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇറാനിലെ ആണവോർജ കേന്ദ്രങ്ങളിൽ കൂടുതൽ ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 450 കടന്നു. ഇതിനിടെ, ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിൽ ഇറാന്റെ മിസൈൽ ആക്രമണവും തുടര്‍ന്നു. ഹൈഫയിലേക്കും ടെൽ അവീവിലേക്കും ഇറാൻ അയച്ച മിസൈലുകൾ തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു.
അതേസമയം, ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ ചൈന കടുത്ത ആശങ്ക അറിയിച്ചു. ഏതൊരു രാജ്യത്തിന്റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികളെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ഷി ജിൻ പിംഗ് പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികളല്ല മാര്‍ഗമെന്നും ചൈനീസ് പ്രസിഡൻറ് വ്യക്തമാക്കി. ഈ വിഷയത്തിൽ ചൈനയുടെ ആദ്യ പരസ്യ പ്രസ്താവനയാണിത്.