മുഖത്തിന്റെ ചലനശേഷി നഷ്ടമാകുമ്പോൾ…
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്റെ പകുതി താഴേക്കു തൂങ്ങിയിരിക്കുന്നപോലെ തോന്നും. ചിരിക്കുമ്പോള്‍ ഒരു വശത്തേക്കു മാത്രമേ ചലനം സാധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച വശത്തെ കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടും.
രോഗ ലക്ഷണങ്ങള്‍
· മണിക്കൂറുകളും ദിവസങ്ങളും കഴിയുന്തോറും മുഖത്തിന്റെ ഒരുവശത്ത് നേരിയ ദൗര്‍ബല്യം മുതല്‍ പൂര്‍ണമായും ചലനശേഷി നഷ്ടമാകുന്ന അവസ്ഥയിലെത്തുന്നു.
· മുഖം കോടുക, ചിരിക്കാനും കണ്ണടയ്ക്കാനും ബുദ്ധിമുട്ട്.
· വായില്‍ നിന്ന് ഉമിനീര് ഒലിക്കുക.
· താടി ഭാഗത്തും ചെവിയുടെ അകത്തും പിന്നിലും വേദന.
· സാധാരണ ശബ്ദങ്ങളും വളരെ ഉച്ചത്തിലും അസഹനീയമായും അനുഭവപ്പെടുക (Hyperacusis).
· തലവേദന
· രുചിക്കാന്‍ സാധിക്കാതെ വരിക.
· കണ്ണുനീര്, ഉമിനീര് എന്നിവയുടെ അളവില്‍ വ്യത്യാസം.
· വളരെ അപൂര്‍വമായി മാത്രം മുഖത്തിന്റെ ഇരുവശങ്ങളെയും ബാധിക്കാം.
ശ്രദ്ധിക്കുക:
പെട്ടെന്ന് മുഖം കോടുകയാണെങ്കില് അത് പക്ഷാഘാത ലക്ഷണമാകാം. ലക്ഷണങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ ഇത്തരം അവസ്ഥ ഉണ്ടായാല്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്.
രോഗകാരണങ്ങള്‍
കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പലപ്പോഴും വൈറല്‍ അണുബാധയാണ് ഇതിനു കാരണമായി കരുതപ്പെടുന്നത് (HSV – ശരീരത്തിലെ ഏതെങ്കിലും അവയവത്തെ ബാധിച്ച അണുബാധ, Herpes zoster, EBV, CMV തുടങ്ങി
യവ).
ചാൾസ് ബെൽ
ബെല്‍സ് പാള്‍സി അക്യൂട്ട് പെരിഫറൽ ഫേഷ്യൽ പാൾസി ഓഫ് അൺനോൺ കോസ് എന്നും അറിയപ്പെടുന്നു, കൂടാതെ ഇഡിയോപതിക് ഫേഷ്യൽ പരാലിസിസ് (‘Idiopathic Facial Paralysis’) എന്നും വിളിക്കുന്നു. സാധാരണയായി 15 – 60 വയസ് പ്രായമുള്ളവരെയാണ് ഈ രോഗം ബാധിക്കുന്നത്. 1774 – 1842 കാലഘട്ടത്തിലെ സ്കോട്ടിഷ് സര്‍ജനും ന്യൂറോളജിസ്റ്റും അനാട്ടമിസ്റ്റും ആയിരുന്ന സർ ചാൾസ് ബെല്ലിന്റെ പേരിലാണ് ബെല്‍സ് പാള്‍സി നാമകരണപ്പെട്ടിട്ടുള്ളത്.
ഫേഷ്യൽ പരാലിസിസ്
ഇത് മുഖത്തിലെ നാഡിവീക്കം മൂലം ചലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് (paralysis). മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ നിയന്ത്രിക്കുന്ന നാടിയുടെ വീക്കമാണ് (Inflammation of Cranial Nerve VII – Facial nerve) കാരണം. സാധാരണയായി വൈറസ് അണുബാധയെ തുടര്‍ന്നുണ്ടാകുന്ന പാര്‍ശ്വഫലമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു കരുതപ്പെടുന്നു.
ആറു മാസത്തിനുള്ളിൽ
മുഖത്തിന്റെ ചലനശേഷി നഷ്ടമാകുന്ന അവസ്ഥ മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഭേദമാവുകയും ഏകദേശം 6 മാസത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും. അപൂര്‍വമായി മാത്രം ചില ലക്ഷണങ്ങള്‍ ജീവിതകാലത്തോളം തുടരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹെർപസ് സിംപ്ലക്സ്( Herpes Simplex) എന്ന വൈറല്‍ അണുബാധയുമായി ഇതിനു ബന്ധമുണ്ടെന്നു കരുതപ്പെടുന്നു.
സാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?
· ഗര്‍ഭിണികളില്‍ (3rd trimester), പ്രസവം
കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം
· അതിരൂക്ഷമായ ശ്വാസകോശ അണുബാധ (Flu, cold).
· പ്രമേഹം (Diabetes)
· ഉയര്‍ന്ന രക്തസമ്മര്‍ദം (Hypertension)
· അമിതവണ്ണം (Obesity)
വിവരങ്ങൾ – ശ്രീദേവി, എച്ച്ഒഡി
ഫിസിയോതെറാപ്പി വിഭാഗം
എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
