പരവൂര്‍: കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ക്ക് നല്കുന്ന ഭക്ഷണ മെനുവില്‍ പരിഷ്കാരവുമായി ജയില്‍ വകുപ്പ്. ഇനി മുതല്‍ ആഴ്ചയില്‍ രണ്ടുദിവസം തടവുകാര്‍ക്ക് രുചികരമായ മത്സ്യവിഭവങ്ങള്‍ ഉറപ്പാക്കും. ഇതിനായി സംസ്ഥാനത്തെ 57 ജയിലുകളിലേക്കും മത്സ്യഫെഡ് നേരിട്ട് മത്സ്യം എത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ബന്ധപ്പെട്ടവര്‍ ഒപ്പിട്ടു. ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വരും. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.
മത്തി, അയല, ചൂര എന്നിവയാണ് ജയില്‍ വകുപ്പ് മെനുവിനായി അംഗീകരിച്ചിട്ടുള്ളത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് ശേഖരിക്കുന്ന മീന്‍ കറിക്കഷണങ്ങളായി വൃത്തിയാക്കി ശീതീകരണ വാഹനങ്ങളില്‍ നേരിട്ട് ജയിലുകളില്‍ എത്തിക്കും. കറിക്കഷണങ്ങളായി ലഭിക്കുന്നത് ജയിലുകളിലെ പാചകക്കാര്‍ക്കും വലിയ ആശ്വാസമാകും.
നിലവില്‍ ജയിലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ക്രമീകരണമെന്ന് അധികൃതര്‍ പറഞ്ഞു. തടവുകാര്‍ക്ക് പോഷകസമ്പുഷ്ടമായ ആഹാരം ഉറപ്പാക്കുന്നതിനൊപ്പം മത്സ്യഫെഡിന്റെ വരുമാനം വര്‍ധിപ്പിക്കാനും ഈ ‘ഫിഷ് പ്രോജക്റ്റ്’ സഹായിക്കുമെന്ന് മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. സഹദേവന് വ്യക്തമാക്കി.
ഭക്ഷണ മെനുവിലെ മാറ്റത്തിന് പുറമെ, ജയില്‍ കൗണ്ടറുകള്‍ വഴി മത്സ്യഫെഡിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനും ധാരണയായിട്ടുണ്ട്. മത്സ്യഫെഡ് തയാറാക്കുന്ന മീന്‍ അച്ചാര്‍, ഉണക്കച്ചെമ്മീന്‍ അച്ചാര്‍ തുടങ്ങിയവ ജയില്‍ കൗണ്ടറുകള്‍ വഴി പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് പുറമെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപണിയില്‍ മത്സ്യഫെഡിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായിക്കും. ജയിലുകളിലെ ഭക്ഷണശാലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ഈ പദ്ധതി കരുത്തേകുമെന്നാണ് സര്‍ക്കാരിന്റെയും പ്രതീക്ഷ.
