പെഡ്ഡി എന്ന പുതിയ ചിത്രത്തിൽ ജാൻവി കപൂറിനെ ഉപഭോഗവസ്തുവായി ചിത്രീകരിച്ചുവെന്ന വിമർശനം ശക്തമാകുന്നു. ഇതോടെ, സ്ത്രീശരീരം അനുവാദമില്ലാതെ ചിത്രീകരിക്കുന്നതിനെതിരേ ജാൻവി മുന്പ് നടത്തിയ പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു.ഏതാനും ദിവസങ്ങൾക്ക് മുന്പായിരുന്നു രാം ചരൺ നായകനായി എത്തിയ പെഡ്ഡി എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ, സിനിമയ്ക്കു പകരം നായികയായി എത്തിയ ജാൻവി കപൂറിന്റെ വേഷവിധാനവും അവരെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങളുമാണ് ചർച്ചയായത്.
സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി സിനിമ ചിത്രീകരിച്ചുവെന്നും പടം മുഴുവൻ നായികയുടെ മാറും അരക്കെട്ടും മാത്രമാണെന്നും പറഞ്ഞ് സംവിധായകനെതിരേയും രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ജാൻവിയ്ക്ക് ഇവയോട് നോ പറയാൻ പാടില്ലെ എന്നും ഇവർ ചോദിച്ചിരുന്നു.പെഡ്ഡി വലിയ വിവാദങ്ങൾക്ക് വഴിവച്ചതിനിടെ ജാൻവി കപൂറിന്റെ പഴയൊരു അഭിമുഖം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. മാസങ്ങൾക്ക് മുന്പ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ കാര്യങ്ങളാണിത്.
“നമ്മൾ സ്റ്റൈലൻ വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോകുമ്പോൾ, കാമറയുമായി ഒരുകൂട്ടം വന്ന് നമ്മുടെ ശരീരത്തിലെ ചില ഭാഗങ്ങളിലേക്ക് മാത്രം സൂം ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിക്കില്ല. പക്ഷേ അവർ കാഴ്ചക്കാർക്കും പണത്തിനും വേണ്ടി സ്ത്രീകളുടെ ശരീരം അവരുടെ അനുവാദമില്ലാതെ ചിത്രീകരിക്കുന്നു. അത് അങ്ങേയറ്റം അപലപനീയമാണ്’- ജാൻവി പറയുന്നു.
സിനിമയിൽ ഗ്ലാമറസായി അഭിനയിക്കുന്നതും അനുവാദം ഇല്ലാതെ സെക്ഷ്വലൈസ് ചെയ്യുന്നതും രണ്ടാണ്. സിനിമയിൽ കാമറമാൻ നമുക്ക് കംഫെർട്ടബിൾ അല്ലാത്ത ആംഗിളുകളിൽ കമറ വയ്ക്കുമ്പോൾ “അത് പറ്റില്ല’ എന്ന് ശക്തമായി പറയണം. അങ്ങനെ പറയാൻ എനിക്ക് തുടക്കത്തിൽ വലിയ മടിയായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല. ഇഷ്ടമായില്ലെങ്കിൽ അത് തുറന്നുപറയും.
ഇത്തരത്തിലുള്ള മോശം ചിത്രീകരണങ്ങൾ പ്രേക്ഷകരിലും നിർമാതാക്കളിലും എന്നെക്കുറിച്ച് തെറ്റായ ഒരു പൊതുബോധം ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്. ഒരു പരിധിവരെ നല്ല കഥാപാത്രങ്ങൾ എനിക്ക് നഷ്ടപ്പെടാൻ കാരണവും ഇതാണ്. സിനിമയിൽ സ്വാതന്ത്ര്യത്തോടെ ഓരോന്ന് പറയാനുള്ള നിലയിലേക്ക് ഞാൻ ഇതുവരെ എത്തിയിട്ടില്ല. ചിലപ്പോഴൊക്കെ വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടി വരാറുണ്ട്.-ജാൻവി കൂട്ടിച്ചേർത്തു. ഈ വാക്കുക ളെയും പുതിയ സിനിമയിലെ വേഷത്തെയും ചൂണ്ടി ക്കാട്ടിയാണ് വിമർശനമുയരുന്നത്.
