നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി നടി ജ്യോതിക. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജ്യോതിക വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കാര്യങ്ങൾ മറയില്ലാതെ തുറന്നു പറയുന്നു ‘ജെൻസി’ തലമുറയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും എന്നും ജ്യോതിക കുറിച്ചു.
ജ്യോതികയുടെ വാക്കുകൾ:
ധർമ്മേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക. രാജി വെക്കുക. നമ്മുടെ രാജ്യത്തിന്റെ വിദ്യാർഥികൾക്കും അവരുടെ ഭാവിക്കുമൊപ്പം ഞാൻ നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനൊപ്പം നിൽക്കുന്നു. ജനാധിപത്യ ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തിന് വേണ്ടി നിലകൊള്ളുന്നു.
സോനം വാങ്ചുക്, അഭിജിത് ദിപ്കെ, സൗരവ് ദാസ്, നിങ്ങളെപ്പോലെയുള്ള മക്കളെ വളർത്താൻ കഴിയുന്ന അമ്മമാരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറയില്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന ജെൻസി തലമുറയെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു.
നിങ്ങൾ ഒന്നിച്ചു തെളിയിച്ചു, ‘നമ്മൾ’ ആണ് ഇന്ത്യ എന്ന്. സമ്മർദ്ദങ്ങളെ തകർത്തെറിഞ്ഞതിന് നന്ദി. ഞങ്ങളെ നിർഭയരാക്കിയതിന് നന്ദി.ജയ് ഹിന്ദ്,’ ജ്യോതിക കുറിച്ചു.
ഡൽഹിയിലെ വിദ്യാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്ലിൻ, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
